തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധമുള്ള മന്ത്രി കെ.ടി. ജലീലിന്റെ നടപടികൾ ദുരൂഹമാണെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വെർച്വൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യു.എ.ഇ കോൺസുലേറ്റിൽ നിന്നു വന്ന പാഴ്സലുകൾ സിആപ്ടിൽ എന്തിന് എത്തിക്കണം? അവിടെ നിന്നു 28 പാഴ്സലുകൾ എടപ്പാളിലേക്ക് എന്തിന് കൊണ്ടുപോയി?
ജലീൽ എത്തിച്ചത് ഭക്ഷ്യധാന്യ കിറ്റല്ല സ്വർണക്കിറ്റാണെന്ന് ബി.ജെ.പി പറഞ്ഞത് വ്യക്തമാവുകയാണ്.
സി ആപ്ടിൽ ജലീലിന്റെ താത്പര്യപ്രകാരം മാനേജിംഗ് ഡയറക്ടറെ നിയമിച്ചത് ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ്. സ്വർണക്കടത്തിന്റെ വേരുകൾ ജുഡിഷ്വറിയിലേക്കും എത്തുന്നുണ്ട്. ഒരു റിട്ട. ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണ്. വഞ്ചിയൂരിൽ ഡി.ആർ.ഐ ഓഫീസ് കുത്തിത്തുറന്ന് ഫയലുകൾ കൊണ്ടുപോയത് ഗൗരവകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ വഴിവിട്ട സഹായം നൽകിയെന്നും സുരേന്ദ്രൻ ആരോപിച്ചു.