വെള്ളറട: ഇന്നലെ മൂന്നു വാർഡുകളിലായി 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം നൂറു കടന്നു. മൂവേലിക്കര - 7, കോട്ടുക്കോണം - 6, മാണിനാട് - 3 എന്നിങ്ങനെയാണ് ഇന്നലെ സ്ഥിരീകരിച്ചത്. നേരത്തേ പഞ്ചായത്തിൽ 85 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ അവലോകനയോഗം ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ നിർദ്ദേശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ, ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ തുടർന്നാൽ മാത്രമേ രോഗവ്യാപനം തടയാൻ കഴിയൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടും ഒാരോദിവസം കഴിയുംതോറും രോഗികളുടെ എണ്ണം കൂടുകയാണ്. വെള്ളറടയിൽ ആരംഭിച്ച പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ വെള്ളറടയിലും സമീപ പഞ്ചായത്തുകളിലും നിന്നുള്ള 35 ഓളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.