തിരുവനന്തപുരം: രാജാജി നഗർ കോളനിയിൽ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചത് കോളനി നിവാസികളെ ആശങ്കയിലാക്കി. ആദ്യമായാണ് ഇവിടെ രോഗം കണ്ടെത്തിയത്. നഗരസഭയിലെ ജഗതി സർക്കിളിൽ ജോലി ചെയ്യുന്ന മൂന്ന് എയ്‌റോബിക്ക് ബിൻ ശുചീകരണ തൊഴിലാളികൾക്കാണ് കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഒരാൾ ഇവിടെ താമസിക്കുന്ന ആളല്ല. കോളനിയിൽ രോഗം പെട്ടെന്ന് വ്യാപിക്കുന്ന സാഹചര്യമുള്ളതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കി. രോഗം കണ്ടെത്തിയവർ എത്തിയ കോളനിയിലെ രണ്ടു കടകൾ അടച്ചിട്ടശേഷം അണുവിമുക്തമാക്കി. രോഗികളുമായി സമ്പർക്കത്തിൽപ്പെട്ടവരോട്
നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരമദ്ധ്യത്തിലെ 11.5 ഏക്കറിൽ സ്ഥിതിചെയ്യുന്ന കോളനിയിൽ 1500 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വീടുകൾ അടുത്തടുത്ത് സ്ഥിതിചെയ്യുന്നതിനാൽ സാമൂഹ്യ അകലം പാലിക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. രോഗവ്യാപനമുണ്ടായാൽ സ്ഥിതി സങ്കീർണമാകുന്ന സാഹചര്യം കണക്കിലെടുത്ത് നഗരസഭയും കോളനിയിലെ യുവജനസംഘടനയും ബോധവത്കരണം നൽകുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങളും ഇവിടെ സജ്ജമാക്കി. രോഗ പ്രതിരോധത്തിന് നഗരത്തിലെ തന്നെ മാതൃകയായ കോളനിയായിരുന്നു രാജാജി നഗർ.