kovalam

കോവളം: കോസ്റ്റ് ഗാർഡ് വ്യോമതാവളം ആരംഭിക്കാൻ പദ്ധതിയിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പോലും പൂത്തിയാക്കാതെ പദ്ധതി വൈകുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം പുരോഗമിക്കുകയും ക്രൂ ചേഞ്ചിംഗിന് പ്രസക്തിയേറുമ്പോഴാണ് പദ്ധതി വൈകുന്നത്. ദക്ഷിണേന്ത്യയിൽ ഇപ്പോൾ ചെന്നൈ സെന്റ് തോമസ് മൗണ്ടിലും, കൊച്ചിയിലും മാത്രമാണ് കോസ്റ്റ് ഗാർഡിന്റെ എയർ സ്റ്റേഷനുള്ളത്. കടൽ സുരക്ഷ നൽകുന്നതിനും കടൽക്കൊള്ളക്കാരെ നിയന്ത്രിക്കുന്നതോടൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തിച്ചുതുടങ്ങുമ്പോൾ കൂടുതൽ സുരക്ഷയും ആവശ്യമായി വരും. ഇതേ തുടർന്നാണ് തിരുവനന്തപുരത്ത് അടിയന്തരമായി കോസ്റ്റ് ഗാർഡിന് വ്യോമതാവളം തുടങ്ങുന്നതിനായി പദ്ധതിയിട്ടത്. വിഴിഞ്ഞം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്റ്റ്ഗാർഡ് സ്റ്റേഷന്റെ കീഴിലാണ് എയർ സ്റ്റേഷൻ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നത്. എയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി കോസ്റ്റ് ഗാർഡ് ഒന്നേമുക്കാൽ ഏക്കർ ഭൂമി എയർപോർട്ടിന് സമീപം സ്വന്തമാക്കിയിട്ടുണ്ട്. പദ്ധതിക്ക് പാട്ട വ്യവസ്ഥയിൽ കെട്ടിടം ഉൾപ്പെടെയുള്ളവ എയർപോർട്ടിന് സമീപം ഏറ്റെടുക്കാനാണ് ആദ്യം പദ്ധതിയിട്ടത്. തുടക്കത്തിൽ എയർപോർട്ട് ചൈയർമാൻ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ പദ്ധതി ആരംഭിക്കാൻ സർക്കാരുകൾ വേണ്ട താത്പര്യം കാണിക്കാത്തതും തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ് അവകാശവുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങളും റവന്യൂ വകുപ്പ് അധികൃതരുടെ മെല്ലെപ്പോക്ക് നയങ്ങളും പദ്ധതിയെ തകിടം മറിച്ചതായി പറയുന്നു. നിലവിൽ വിഴിഞ്ഞത്ത് കോസ്റ്ററ്റ് ഗാർഡിന് സ്വന്തമായി ജെട്ടിയുമില്ല. അദാനി പോർട്ടിൽ കോസ്റ്റ് ഗാർഡിന് പ്രത്യകമായി ജെട്ടി നിർമ്മിച്ചു നൽകാൻ ആദ്യം വ്യവസ്ഥയുണ്ടായിരുന്നെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. ഇപ്പോൾ കോസ്റ്റ് ഗാർഡ് വിഴിഞ്ഞം പഴയ വാർഫിന് സമീപം 40 മീറ്റർ നീളത്തിൽ പുതുതായി ഒരു ജെട്ടി നിർമ്മിക്കാനാണ് പദ്ധതി.

 വ്യോമതാവളം വരണം

വിഴിഞ്ഞം പുറംകടലിൽ അത്യാഹിത മുണ്ടായാൽ ഇന്ന് ആകെ ആശ്രയം കോസ്റ്റ് ഗാർഡിന്റെ ഉടമസ്ഥതയിലുള്ള സി 441, സി 427 എന്നീ മിനി ഷിപ്പുകളുമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് അടിയന്തര സഹായത്തിനായി ഹെലികോപ്ടർ ഉപയോഗപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് വിഴിഞ്ഞം പുറം കടലിലെ കപ്പലിൽ വച്ച് ഒരു ചൈനക്കാരന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ തീരത്ത് എത്തിച്ചത് ഒൻപത് മണിക്കൂറിന് ശേഷമായിരുന്നു. ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ച് രണ്ട് മണികൂർ കൊണ്ട് രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥാനത്ത് ഒൻപത് മണികൂറെടുത്ത് കോസ്റ്റ് ഗാർഡിന്റെ ബോട്ടിലാണ് ഇയാളെ കരയ്‌ക്കെത്തിച്ചത്. യഥാസമയം വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

 വ്യോമതാവളത്തിന്റെ പ്രധന ഉദ്ദേശ്യങ്ങൾ

കടൽ സുരക്ഷ നൽകുന്നതിന്

കടൽക്കൊള്ളക്കാരെ നിയന്ത്രിക്കുന്നതിന്