cpm-

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ ഭരണ, പ്രതിപക്ഷ മുന്നണികൾ കൊമ്പുകോർത്ത് നിൽക്കെ, സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ ഈ മാസം 7നും 8നും ചേരുന്നു. 7ന് സംസ്ഥാന സെക്രട്ടേറിയറ്റും, 8ന് ഓൺലൈൻ വഴി സംസ്ഥാനസമിതിയുമാണ് ചേരുക. എം.പി. വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നിലപാട് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. 8ന് ഉച്ച തിരിഞ്ഞ് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ രാജ്യസഭാ സ്ഥാനാർത്ഥിത്വം തീരുമാനിച്ചേക്കും.

സ്വർണ്ണക്കടത്ത് വിഷയത്തിൽ സംസ്ഥാനസർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ലാക്കാക്കി രൂക്ഷമായ ആക്രമണമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിന്റെ നേതൃത്വത്തിൽ ഐ.ടി വകുപ്പിൽ നടന്ന ക്രമക്കേടുകൾ തുറന്നുകാട്ടിയും, യുവാക്കളുടെ തൊഴിലവസരങ്ങൾ കവരുന്ന കരാർ നിയമനങ്ങൾക്കെതിരെയും പ്രതിപക്ഷം പോര് കനപ്പിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിലുൾപ്പെടെ നല്ല പ്രവർത്തനം കാഴ്ച വച്ച സർക്കാരിനെതിരെ യു.ഡി.എഫ്- ബി.ജെ.പി ബാന്ധവം ആരോപിച്ചാണ് സി.പി.എമ്മിന്റെ പ്രത്യാക്രമണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ആർ.എസ്.എസിന് വേണ്ടപ്പെട്ട നേതാവെന്നാരോപിച്ച് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ കൗമാരകാലത്തെ ആർ.എസ്.എസ് ബന്ധം പറഞ്ഞ് കോൺഗ്രസും തിരിച്ചടിച്ചതോടെ വാക്പോര് മുറുകി.പുതിയ ദേശീയ വിദ്യാഭ്യാസനയം, കേന്ദ്ര നയസമീപനങ്ങൾക്കെതിരായ പ്രക്ഷോഭ പരിപാടികൾ മുതലായവ യോഗത്തിൽ റിപ്പോർട്ട് ചെയ്തേക്കും.

രാജ്യസഭാ സീറ്റിലേക്ക് എം.വി. ശ്രേയാംസ് കുമാറിന് വേണ്ടി ലോക് താന്ത്രിക് ജനതാദൾ രംഗത്തെത്തിയിട്ടുണ്ട്. ഇനി രണ്ട് വർഷത്തിനകത്തെ കാലാവധിയേ ശേഷിക്കുന്നുള്ളൂ എൽ.ജെ.ഡിക്ക് സീറ്റനുവദിക്കാൻ സി.പി.എം തയാറായേക്കും.