binulal
എം.​ആ​ർ.​ ​ബി​ജു​ലാൽ

 തലസ്ഥാനത്ത് ട്രഷറിക്കള്ളനെ പിരിച്ചുവിട്ടു

 ചിറ്റാർ കസ്റ്റഡിമരണ കേസിൽ കൂട്ട നടപടി

തിരുവനന്തപുരം/ പത്തനംതിട്ട: ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ട് കൊള്ളയടിച്ച തലസ്ഥാനത്തെ ട്രഷറി തട്ടിപ്പ് കേസിലും വനപാലകരുടെ ക്രൂരപീഡനം ആരോപിക്കപ്പെടുന്ന പത്തനംതിട്ട ചിറ്റാറിലെ കസ്റ്റഡിമരണ കേസിലും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ച് സർക്കാർ. ഖജനാവിലെ പണം അപഹരിച്ച വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ട്സ് ഓഫീസറായിരുന്ന എം.ആർ. ബിജുലാലിനെ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ ഉടൻ പ്രാബല്യത്തിൽ വരുന്ന വിധം പിരിച്ചുവിട്ടു.

അതേസമയം, റാന്നി ചിറ്റാറിൽ ജൂലായ് 28 ന് വനപാലകർ പിടിച്ചു കൊണ്ടുപോയതിനു ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം ഇനിയും സംസ്കരിക്കാൻ തയ്യാറാകാതെ ഭാര്യ ഷീബയും കുടുംബാംഗങ്ങളും പ്രതിഷേധം തുടരവേ, ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ ആർ. രാജേഷ് കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഒാഫീസർ എ.കെ. പ്രദീപ് കുമാർ എന്നിവരെ വനംവകുപ്പ് സസ്പെൻഡ് ചെയ്തു. റാന്നി ഡി.എഫ്.ഒ ഉൾപ്പെടെ എട്ടുപേരെ സ്ഥലംമാറ്റിയതിനു പിന്നാലെയാണ് സസ്പെൻഷൻ. സംഭവവുമായി ബന്ധമുള്ള ഏഴ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാതെ സംസ്കാരം നടത്തില്ലെന്ന നിലപാടിലാണ് വീട്ടുകാർ.

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെ ആനുകൂല്യങ്ങളൊന്നും നൽകാതെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഉടനിറങ്ങും. തട്ടിപ്പ് കണ്ടുപിടിച്ച വഞ്ചിയൂർ സബ് ട്രഷറി ഓഫീസർ ബാബു പ്രസാദ് ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയുമാണ് സ്ഥലം മാറ്റുന്നത്. ധനവകുപ്പ് സെക്രട്ടറി രാജേഷ്‌കുമാർ സിംഗിന്റെ അന്വേഷണത്തെ തുടർന്നാണ് ഉടനടി പിരിച്ചുവിടാൻ മന്ത്രിയും വകുപ്പു സെക്രട്ടറിയും പങ്കെടുത്ത യോഗം തീരുമാനിച്ചത്.

തിരിമറി അന്വേഷിക്കാൻ ധനവകുപ്പിലെ മൂന്നു പേരും സർക്കാരിനുവേണ്ടി സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്ന നാഷണൽ ഇൻഫോമാറ്റിക് സെന്ററിലെ ഉദ്യോഗസ്ഥനും അടങ്ങിയ സംഘത്തെ നിയോഗിച്ചു. അഞ്ചു ദിവസത്തിനകം റിപ്പോർട്ട് നൽകണം.

തലപ്പത്തുള്ളവർക്ക് വീഴ്ച സംഭവിച്ചെന്നു കണ്ടെത്തിയാൽ നടപടിയെടുക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കളക്ടറുടെ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ തന്റെ ട്രഷറി അക്കൗണ്ടിലേക്കും അവിടെ നിന്ന് തന്റെയും ഭാര്യയുടെയും മറ്റും അക്കൗണ്ടുകളിലേക്കും ബിജുലാൽ മാറ്രിയത്.

ഇനി മുൻകരുതൽ

 ട്രഷറി സോഫ്റ്ര് വെയറിന് സുരക്ഷാ ഓഡിറ്രിംഗ്

 ഫംഗ്ഷൻ ഓ‌ഡിറ്റിംഗിന് എൻ.ഐ.സിയുടെയും ട്രഷറി ഐ.ടി സെല്ലിന്റെയും സംയുക്തടീം.

 മുൻ തട്ടിപ്പുകളിലും പുറത്തറിയാത്ത തട്ടിപ്പ് കണ്ടെത്താനും അന്വേഷണം

വനം ഉദ്യോഗസ്ഥർക്ക് സസ്പെഷൻ

മത്തായിയെ തെളിവെടുപ്പിനിടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ട സംഭവത്തിൽ വനപാലകരെ അറസ്റ്റു ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഭാര്യ ഷീബയുടെയും ബന്ധുക്കളുടെയും നിലപാടും ജനരോഷവും കണക്കിലെടുത്താണ് സസ്പെഷനും സ്ഥലംമാറ്റവും. കഴിഞ്ഞ 28 നാണ് മത്തായിയെ കുടപ്പനയിലെ കുടുബവീടിനോടു ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഏഴു ദിവസമായി മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്തായിയുടെ വീട് സന്ദർശിച്ചു.

നടപടിക്ക് കാരണം

 മത്തായിയെ നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തതെന്ന് വകുപ്പുതല അന്വേഷണം നടത്തുന്ന സതേൺ സി.സി.എഫ് സഞ്ജിൻകുമാർ നൽകിയ റിപ്പോർട്ട്

 വനം വകുപ്പിന്റെ കാമറ മോഷ്ടിച്ചെന്ന പേരിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകർ ക്രൈം ബ്രാഞ്ചിനു നൽകിയത് പരസ്പര വിരുദ്ധമായ മൊഴികൾ

 മഹസറും ജി.ഡി രേഖകളും തയ്യാറാക്കിയിരുന്നില്ല. മത്തായി മരിച്ച ശേഷം ജി.ഡിയിൽ കൃത്രിമം കാട്ടി