വർക്കല: വർക്കലയിൽ റെയിൽവേയുടെ ഡ്രൈയിനേജ് കുഴിയിൽ നിന്നും ദുർഗന്ധം വമിക്കുന്നു. റെയിൽവേ സ്റ്റേഷൻ റോഡിലെ പ്രധാന റോഡിന്റെ പാർശ്വ ഭാഗത്താണ് കക്കൂസ് കുഴി നിർമ്മിച്ചിട്ടുള്ളത്. രണ്ട് വർഷത്തോളമായി ഈ കക്കൂസ് കുഴിയുടെ മേൽമൂടി തകർന്ന് നിലംപൊത്തിയിട്ട്.
റെയിൽവേ ഭൂമിയിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ കക്കൂസ് കുഴിയുടെ മേൽമൂടി നിർമ്മിച്ചതാകട്ടെ ഗുണനിലവാരം കുറഞ്ഞ തകരഷീറ്റ് കൊണ്ടാണ്. കാലപ്പഴക്കത്താൽ തകര ഷീറ്റ് ദ്രവിച്ച് ഇല്ലാതായി.
കക്കൂസ് കുഴിയുടെ ദുർഗന്ധം കാൽനടയാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. വിവിധ സംഘടനകളും വ്യക്തികളും വർക്കല റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തുളള റെയിൽവേയുടെ തന്നെ പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല. കൊവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരുമ്പോഴാണ് റെയിൽവേയുടെ കക്കൂസ് കുഴി സാക്രമിക രോഗഭീഷണി ഉയർത്തുന്നത്.
കഴിഞ്ഞ വർഷം റെയിൽവേയുടെ ഡിവിഷണൽ ജനറൽ മാനേജർ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ പരിശോധനയുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തിയ അവസരത്തിൽ നാട്ടുകാരും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളും ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയിരുന്നു. സ്ഥലം സന്ദർശിച്ച ജനറൽ മാനേജർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. അടിയന്തരമായി കക്കൂസ് കുഴിയുടെ മേൽമൂടി കോൺക്രീറ്റ് സ്ലാബ് പാകി സുരക്ഷിതമാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ നാളിത് വരെ ഇതിന് പരിഹാരം കാണാൻ വർക്കല റെയിൽവേ സ്റ്റേഷന് സമീപത്ത് തന്നെ പ്രവർത്തിക്കുന്ന റെയിൽവേയുടെ പൊതുമരാമത്ത് വിഭാഗം അധികൃതർ നടപടി സ്വീകരിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറിയ സ്ഥിതിയാണുളളത്. മഴക്കാലം കൂടി വന്നതോടെ കക്കൂസിന്റെ കുഴി നിറഞ്ഞ് മലിനജലം പൊതുനിരത്തിലൂടെ ഒഴുകുന്ന സ്ഥിതിയും നിലവിലുണ്ട്. മേൽ മൂടി തകർന്നു കിടക്കുന്നത് അപകടങ്ങൾക്കും കാരണമാകുമെന്നും നാട്ടുകാർ പറയുന്നു. അപരിചിതർ ആയിട്ടുള്ളവർ ഇതുവഴി നടന്നു പോയാൽ കുഴിയിൽ അകപ്പെടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് റെയിൽവേ അധികൃതർ എത്രയും വേഗം കക്കൂസ് കുഴിയുടെ മേൽമൂടി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് വർക്കലക്കാരുടെ പൊതുവേയുള്ള അഭിപ്രായം.