തിരുവനന്തപുരം: കൊവിഡ് കാലത്ത് ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിതുര കല്ലുപാറ ആദിവാസി സെറ്റിൽമെന്റ് കോളനിയിലെ കുട്ടികൾക്ക് ആശ്വസമായി പൊലീസ്. ഓൺലൈൻ പഠനസംവിധാനങ്ങളെക്കുറിച്ച് കേട്ടറിവുപോലുമില്ലാതിരുന്ന ഊരിലേക്കാണ് ഇലക്ട്രോണിക് പഠനോപകരണങ്ങളുമായി പൊലീസും വിതുര ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും അദ്ധ്യാപകരുമെത്തിയത്. വിതുര ജംഗ്ഷനിൽ നിന്ന് ആറു കിലോമീറ്റർ ഉള്ളിലുള്ള കല്ലുപാറ സെറ്റിൽമെന്റ് കോളനിയിലെത്താൻ ദുർഘട വഴികൾ താണ്ടണം. 19 കുടുംബങ്ങളുള്ള ഊരിന്റെ ക്ഷേമം അന്വേഷിക്കാനെത്തിയ വിതുര എസ്.ഐ എസ്.എൽ. സുധീഷിനോടാണ് തങ്ങളുടെ 10 കുട്ടികൾക്ക് പഠിക്കാൻ സൗകര്യമില്ലാത്തതിന്റെ സങ്കടം ഊര് നിവാസികൾ പങ്കുവച്ചത്. മേലധികാരികളെ വിവരമറിയിച്ചതോടെ പൊലീസിന്റെ ഇ - വിദ്യാരംഭം പദ്ധതി വഴി കുട്ടികൾക്കായി ടിവിയും ടാബും ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ലഭ്യമാക്കുകയായിരുന്നു. കേഡറ്റുകളും അദ്ധ്യാപകരും കസേര, വൈറ്റ്‌ബോർഡ്, ടാബ്, പുസ്‌തകം തുടങ്ങിയവയും സുമനസുകളുടെ സഹായത്തോടെ സംഘടിപ്പിച്ചു. ഇരുന്ന് പഠിക്കാൻ സ്ഥലമില്ലാത്തതിനാൽ അഞ്ച് ദിവസം കൊണ്ട് 300 ചതുരശ്ര അടിയിൽ ഈറ്റയും മുളയുമുപയോഗിച്ച് പ്രത്യേക ക്ലാസ് റൂം തയ്യാറായി. ഇപ്പോൾ ആഴ്ചയിൽ മൂന്നുദിവസം ഇവിടെ പൊലീസ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും ക്ലാസെടുക്കുന്നുണ്ട്.