നെടുമങ്ങാട്: കൊവിഡിന്റെ കടന്നുകയറ്റം വ്യാപിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പുനരുജ്ജീവനം അനിശ്ചിതത്വത്തിലായി. ആറുമാസമായി അടഞ്ഞുകിടക്കുന്ന ഇക്കോ ടൂറിസം സെന്ററുകളും അനുബന്ധ ഹോട്ടൽ ശൃംഖലയും തുറക്കാനുള്ള ആലോചനകൾ പ്രതിസന്ധിയിലായി. അന്തർ ജില്ലാ ടൂറിസം സർക്യൂട്ട് നടപ്പിലാക്കാനുള്ള ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും കെ.ടി.ഡി.സിയുടെയും നീക്കമാണ് രോഗ വ്യാപനത്തോടെ തകിടം മറിഞ്ഞത്. ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ ഭൂരിഭാഗവും കണ്ടെയ്ൻമെന്റ് സോണുകളിലാണെന്നതാണ് വസ്‌തുത. ടൂറിസം മേഖലയെ ആശ്രയിച്ച് ഉപജീവനം നയിച്ചിരുന്ന ആയിരക്കണക്കിന് തൊഴിലാളികളും ഇതോടെ പട്ടിണിയിലായി. മലയോര, തീരദേശ ടൂറിസം കേന്ദ്രങ്ങളുടെ സ്‌തംഭനത്തെ തുടർന്ന് ജില്ലയിൽ രണ്ടായിരം കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ ഇരുപതിനായിരം കോടി രൂപയാണ് നഷ്ടം. എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ടൂറിസം സെന്ററുകളുള്ളത് തലസ്ഥാന ജില്ലയിലാണ്. അതിൽ ഏറെയും മലയോര മേഖലയിലാണ്. പൊന്മുടി - ജഡായുപാറ - വർക്കല - വേളി - കോവളം സർക്യൂട്ടാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ. ഹൃദ്യമായ കാലാവസ്ഥയും മനോഹര ഭൂപ്രകൃതിയുമാണ് ഇവിടങ്ങളിലേക്കുള്ള യാത്ര വേറിട്ട അനുഭവമാക്കുന്നത്. കെ.ടി.ഡി.സിയുടെ ഹോട്ടലുകൾക്ക് പുറമെ നിരവധി സ്വകാര്യ സംരംഭങ്ങളും അടച്ചിട്ടിരിക്കുകയാണ്. ടൂറിസം രജിസ്റ്ററിൽ പേര് നല്കിയിട്ടുള്ള 1500ഓളം ഹോട്ടലുകളും ജില്ലയിലുണ്ട്. കർക്കടകത്തിൽ സജീവമാകേണ്ടിയിരുന്ന ആയുർവേദ മസാജ് പാർലറുകളും കടകമ്പോളങ്ങളും ഇതിൽപ്പെടും.