തിരുവനന്തപുരം: ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അധഃപതനത്തിലേക്കാണ് കേരളം ഭരിക്കുന്ന ഇടതു മുന്നണി സർക്കാർ കൂപ്പുകുത്തിയിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പറഞ്ഞു. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക, സർക്കാരിന്റെ അഴിമതികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും നേതാക്കളും സംസ്ഥാന വ്യാപകമായി നടത്തിയ സ്പീക്കപ് കേരള സത്യഗ്രഹ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .
കൊവിഡിന്റെ മറവിൽ നടത്തിയ അഴിമതികളെല്ലാം പ്രതിപക്ഷം വെളിച്ചത്തെത്തിച്ചതോടെ സർക്കാരിന്റെ പ്രതിച്ഛായ തകർന്നെന്നും മുകുൾ വാസ്നിക് പറഞ്ഞു.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ജനപ്രതിനിധികളും നേതാക്കളും പാർട്ടി ഓഫീസുകളിലും വീടുകളിലുമായി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1മണി വരെ സത്യഗ്രഹമിരുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കന്റോൺമെന്റ് ഹൗസിന്റെ പൂമുഖത്തിരുന്ന് സത്യഗ്രഹത്തിന് നേതൃത്വം നൽകി. സമാപനം എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് എ.കെ. ആന്റണി ടെലിഫോണിൽ ആശംസ നേർന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ധാർമ്മികമായി അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെപ്പോലെ ആരൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിലൂടെ പുറത്തുവരാനിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ മതേതരത്വബോധത്തെ ചോദ്യം ചെയ്യാൻ കോടിയേരിക്ക് കഴിയില്ല. ആരോപണങ്ങൾക്ക് മറുപടി പറയാൻ നിൽക്കള്ളിയില്ലാതായതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതിപക്ഷ നേതാവിനെതിരെ നട്ടാൽ കുരുക്കാത്ത ആരോപണമുന്നയിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ മതേതരവിശ്വാസത്തിന് കോടിയേരി ബാലകൃഷ്ണന്റെ സർട്ടിഫിക്കറ്റ് വേണ്ട. സി.പി.എമ്മിന്റെയും സർക്കാരിന്റെയും മുഖം ഓരോ ദിവസവും വികൃതമാ കുകയാണ്- കെ.സി. വേണുഗോപാൽ പറഞ്ഞു.