കൊച്ചി: കേരള മെഡിക്കൽ എഡ്യൂക്കേഷൻ സർവീസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ലത്തീൻ കത്തോലിക വിഭാഗത്തെ അവഗണിക്കുന്നതായി പരാതി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി പ്രകാരം ലത്തീൻ കത്തോലിക്ക ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തിന്റെ നിയമനം നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നൽകി. നിയമനത്തിനായി പി.എസ്.സി 2018 ൽ അപേക്ഷ ക്ഷണിച്ചിരുന്നു. മാസ്റ്റർ ഡിഗ്രി ആയിരുന്നു മാനദണ്ഡമെങ്കിലും അവരുടെ അഭാവത്തിൽ സംവരണ സമുദായങ്ങളിലെ ബാച്ചിലർ ഡിഗ്രിക്കാർക്ക് പരീക്ഷയെഴുതി ലക്ചറർ നിയമനത്തിന് അവസരമുണ്ടായിരുന്നു. ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ അർഹരായവർ ഇല്ലാതിരുന്നതിനാൽ പ്രത്യേക പരീക്ഷ നടത്തിയിരുന്നു. 9 മാസം കഴിഞ്ഞിട്ടും ഫലം പ്രസിദ്ധീകരിച്ചില്ല. മറ്റു വിഭാഗങ്ങളുടെ ഫലം പ്രസിദ്ധീകരിച്ച് നിയമനവും കഴിഞ്ഞതായി കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജി. തോമസ് എന്നിവർ പരാതിയിൽ പറയുന്നു.