തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ശ്രദ്ധ നേടിയ നടിയാണ് അമല പോൾ. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഉൾപ്പെടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് താരത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോഴിതാ അടുത്തിടെ അമേരിക്കയിൽ കൊലചെയ്യപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ മരണത്തിൽ ഭർത്താവ് നെവിനെ അനുകൂലിച്ച് നടക്കുന്ന ചർച്ചകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ സുഹൃത്ത് ഐഷ എഴുതിയ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് അമല ഇത് വ്യക്തമാക്കിയിരിക്കുന്നത്. ആ കൊല സ്‌നേഹം കൊണ്ടല്ലേ എന്ന് പറയുന്നവരെ ഓർത്തുകൊണ്ടാണ് ഈ കുറിപ്പ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. അത്തരത്തിൽ കമന്റ് ചെയ്ത ചിലരുടെ കമന്റുകളുടെ സ്‌ക്രീൻ ഷോട്ടും താരം ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. മലയാളി നഴ്സായ മെറിൻ അമേരിക്കയിൽ തന്റെ ഭർത്താവിനാൽ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 17 തവണയാണ് അയാൾ സ്വന്തം ഭാര്യയായ മെറിനെ കുത്തിയത്. കൂടാതെ വാഹനവും ദേഹത്തേക്ക് ഓടിച്ച് കയറ്റി. ഈ കൊലപാതകത്തെ കുറിച്ചുള്ള ചിന്തകൾ ഓർമ്മയിലേക്ക് എത്തുമ്പോൾ ഭയം തോന്നുകയാണ്. എന്നാൽ ഫേസ്ബുക്കിൽ ഈ മരണ വാർത്തയുടെ താഴെ വരുന്ന ചിലരുടെ കമന്റുകൾ കൂടുതൽ ഭയപ്പെടുത്തുകയാണ്. സ്‌നേഹമുള്ള വയലൻസ്, ടോക്സിക് ലവ് എന്ന രീതിയിലാണ് ചിലർ ഇത് നോക്കിക്കാണുന്നത്. "നിങ്ങളെ വേദനിപ്പിക്കുന്ന, അസ്വസ്ഥമാക്കുന്ന, ഇല്ലാതാക്കിക്കളയുന്ന ഇടങ്ങളിലേക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വൈവാഹിക ജീവിതമല്ലേ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതൊക്കെ ഒഴിവാക്കാനും ഇതൊക്കെയാണ് ജീവിതം എന്നുമൊക്കെ മറ്റുള്ളവർ ചിലപ്പോൾ ഉപദേശിച്ചേക്കും. പക്ഷേ നിങ്ങൾ പോകരുത്. ചിലപ്പോൾ അവർ നിങ്ങളെ അപമാനിക്കാം. വേശ്യ, പാപി എന്നൊക്കെ വിളിച്ചേക്കും... നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവർ നാണംകെടുത്തുകുയാണ്, അതിൽ ഒരിക്കലും അപമാനിതരകേണ്ടതില്ല, അതൊക്കെ നിങ്ങളെ കരുത്തരാക്കട്ടെ. ചിലർ നിങ്ങളെ സ്‌നേഹിക്കുന്നു എന്ന പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുകയാണെങ്കിൽ അത് സ്‌നേഹമല്ലെന്ന് അറിയൂ. വാക്കുകളേക്കാൾ പ്രവർത്തികളെയാണ് വിശ്വസിക്കേണ്ടത്. ആവർത്തിച്ചു നടത്തുന്ന ചില അക്രമങ്ങൾ 'പറ്റിപ്പോയ' അപകടമേയല്ല. സ്വകാര്യമായുള്ള ഇത്തരം അക്രമങ്ങൾ പെട്ടെന്ന് സുഹൃത്തുക്കളെയോ, കുടുംബത്തെയോ ആരെയെങ്കിലും അറിയിക്കുക. നിങ്ങൾ സ്വന്തം കുട്ടിയെ അക്രമത്തിലൂടെയാകരുത് സ്‌നേഹം എന്ന് പഠിപ്പിക്കുകയും ചെയ്യൂ..." അമല കുറിച്ചിരിക്കുകയാണ്