വർക്കല: ഇടവ - പെരുമാതുറ സോൺ ഒന്നിൽ വിവിധ ഇടങ്ങളിലായി നടന്ന പരിശോധനയിൽ എട്ട് പോസിറ്റിവ് കേസുകൾ സ്ഥിരീകരിച്ചു. വെട്ടൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ ഒന്നും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നടത്തിയ 50 ആന്റിജൻ ടെസ്റ്റിൽ ആറും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ നടന്ന 50 ആന്റിജൻ പരിശോധനയിൽ ഒന്നും പോസിറ്രീവ് കേസുകളാണ് കണ്ടെത്തിയത്. വർക്കല നഗരസഭയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 30 ആർ.ടി.പി.സി.ആർ പരിശോധനയും നടന്നു. വർക്കല പുത്തൻചന്തയിലെ സൂപ്പർമാർക്കറ്റിനെക്കുറിച്ച് പരാതി ഉണ്ടായതിനെ തുടർന്ന് ആർ.ഡി.ഒയും വർക്കല തഹശീൽദാരും സ്ഥലം സന്ദർശിച്ചു. സൂപ്പർമാർക്കറ്റിലെ മുകളിലെ രണ്ട് നിലകളിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. താഴത്തെ നിലയിൽ മാനദണ്ഡങ്ങൾ പാലിച്ച് അവശ്യവസ്തുക്കൾ വിൽക്കുന്നതിന് അനുമതി നൽകി. സോൺ ഒന്നിലെ റേഷൻ കടകളിൽ 530 കാർഡുടമകൾക്ക് 2650 കിലോഗ്രാം അരിയും 530 കിലോഗ്രാം പയറും സൗജന്യമായി നൽകി. വക്കം ഗ്രാമപഞ്ചായത്തിലെ ഒരു ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ രണ്ട് സെന്ററുകളിലുമായി 183 രോഗികളുണ്ട്. കുടുംബശ്രീ, ജനകീയ ഹോട്ടൽ വഴി 720 ഭക്ഷണകിറ്റുകൾ ഇവിടങ്ങളിൽ വിതരണം ചെയ്തു.