നെടുമങ്ങാട്: ട്രഷറിയിലും ബാങ്കുകൾക്കും മുന്നിൽ ഇന്നലെ പെൻഷൻകാരുൾപ്പടെയുള്ള നിരവധി സന്ദർശകരെത്തിയതിനെ തുടർന്ന് നെടുമങ്ങാട് നഗരത്തിലെ ജനത്തിരക്ക് നിയന്ത്രണാതീതമായി. ഏറെ നാളിനു ശേഷം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും വലിയ തിരക്കനുഭവപ്പെട്ടു. മാർക്കറ്റ് അടച്ചിട്ടെങ്കിലും വിലക്ക് ലംഘിച്ച് നിരവധിപേർ ചന്തമുക്കിൽ താവളമുറപ്പിച്ചു. സാമൂഹ്യ വ്യാപനം ഉണ്ടായെന്ന ആശങ്കയെ തുടർന്ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതുൾപ്പടെയുള്ള നടപടികളാണ് ജനത്തിരക്ക് മൂലം ഇന്നലെ പാഴായത്. പൊലീസുകാരുടെ കുറവ് ഉള്ളതിനാൽ പലേടങ്ങളിലും യാത്രക്കാരുടെ തന്നിഷ്ടമായിരുന്നു. ബാങ്കുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും മുന്നിൽ ഒഴിഞ്ഞ സാനിറ്റൈസർ ബോട്ടിലുകളാണ് ഉണ്ടായിരുന്നത്. മാസ്ക് ധരിക്കാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. നെടുമങ്ങാട് സ്റ്റേഷനിലെ 18 പൊലീസുകാർ മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വിശ്രമത്തിലാണ്. സ്വയം നിയന്ത്രണവും സാമൂഹ്യ അകലവും നിർബന്ധമായി പാലിക്കണമെന്നും നിയമവിരുദ്ധമായി കൂട്ടം കൂടുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ്‌കുമാർ അറിയിച്ചു.