തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ
കാറപകടത്തിലെ ദുരൂഹതകളുടെ ചുരുളഴിക്കാൻ സി.ബി.ഐ അന്വേഷണം ഇന്നാരംഭിക്കും. ബാലുവിന്റെ ഭാര്യ ലക്ഷ്‌മിയുടെയും പിതാവ് സി.കെ.ഉണ്ണിയുടെയും മൊഴിയെടുത്താവും ഡിവൈ.എസ്.പി ടി.പി.അനന്തകൃഷ്‌ണന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങുക.
അസ്വാഭാവിക അപകടമെന്ന രീതിയിലാണ് അന്വേഷണം. സ്വർണക്കടത്ത് ബന്ധമുണ്ടെന്ന സംശയമാണ് കാരണം. നയതന്ത്രചാനൽ സ്വർണക്കടത്തിലെ ഒന്നാംപ്രതി സരിത്തിനെ അപകടസ്ഥലത്ത് കണ്ടെന്ന് വെളിപ്പെടുത്തിയ കലാഭവൻ സോബിയുടെ മൊഴിയെടുപ്പ് രണ്ടാംഘട്ടത്തിലായിരിക്കും. കേസ് ആറ്റിങ്ങൽ കോടതിയിൽ നിന്ന് തിരുവനന്തപുരം ചീഫ്ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റാനുള്ള സിബിഐയുടെ അപേക്ഷ കോടതി അംഗീകരിച്ചു.
ശാസ്ത്രീയമായ അന്വേഷണമാവും സി.ബി.ഐയുടേത്. അപകടം പുനരാവിഷ്‌കരിച്ചും ഫോൺരേഖകളും മൊഴികളും ചികിത്സാരേഖകളും പുന:പരിശോധിച്ചും വ്യക്തത വരുത്തും. സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത ശേഷം, ബാലുവിന്റെ മാനേജർമാരടക്കം മൂന്ന് സംഘാംഗങ്ങൾ പ്രതികളായ സ്വർണക്കടത്ത് അന്വേഷിച്ച ഡി.ആർ.ഐ ഓഫീസിലുണ്ടായ കവർച്ചാശ്രമം അന്വേഷണവിവരങ്ങളും രേഖകളും കടത്താനാണോയെന്ന് പരിശോധിക്കും. ആറ്റിങ്ങൽ മുതൽ പള്ളിപ്പുറം വരെ ബാലുവിന്റെ ഇന്നോവയ്ക്ക് പിന്നാലെ വെള്ള സ്വിഫ്‌റ്റ് കാറുണ്ടായിരുന്നതായി പിന്നാലെ വന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. അപകടത്തിനുശേഷം സ്വിഫ്‌റ്റ് കാർ അപ്രത്യക്ഷമായെന്നും ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിൽ ബാലുവായിരുന്നെന്നുമാണ് അജിയുടെ മൊഴി. അജിപിന്നീട് യു.എ.ഇ കോൺസുലേറ്റ് വഴി യു.എ.ഇ സർക്കാരിൽ ഡ്രൈവറായി നിയമിതനായതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി. കാറോടിച്ചത് ഡ്രൈവർ അർജുനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലുവിന്റെ കുടുംബത്തെ എതിർകക്ഷിയാക്കി അർജുൻ മോട്ടോർ വാഹന ട്രൈബ്യൂണലിൽ ഒരു കോടിരൂപ നഷ്ടപരിഹാരം തേടി കേസ് കൊടുത്തതും ദുരൂഹമാണ്.. സ്റ്റിയറിംഗിലെയും സീറ്റ് ബെൽറ്റിലെയും വിരലടയാളം, മുടിയിഴകൾ, രക്തം എന്നിവ പരിശോധിച്ചാണ് ഡ്രൈവിംഗ് സീറ്റിൽ അർജുനായിരുന്നെന്ന് ഉറപ്പിച്ചത്.
ഉത്തരം തേടുന്ന
ചോദ്യങ്ങൾ
*ട്രൂപ്പിലെ മൂന്ന് പേർ സ്വർണക്കടത്തിൽ പ്രതികളായ സാഹചര്യത്തിൽ അപകടത്തിന് ഇതുമായി ബന്ധമുണ്ടോ
* അപകടത്തിനു തൊട്ടുമുൻപ് എവിടെ എത്തിയെന്നറിയാൻ വന്ന ഫോൺവിളികൾ ആരുടേത്
* ബാലുവും അർജുനും ജ്യൂസുകുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശൻതമ്പി കൈക്കലാക്കിയതെന്തിന്
* ക്ഷേത്രദർശനത്തിനു പോയപ്പോൾ കാറിൽ 44പവനും രണ്ടുലക്ഷം രൂപയും സൂക്ഷിച്ച സാഹചര്യമെന്ത്
* ഭക്ഷ്യസംസ്കരണത്തിനുള്ള വിഷ്‌ണുവിന്റെ കമ്പനിയിലെ നിക്ഷേപം, ഡോക്ടറുമായുള്ള പണമിടപാട്, വിദേശബന്ധങ്ങൾ