മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 53 പേർ രോഗമുക്തരാവുകയും
12 പേർക്ക് പുതുതായി രോഗം കണ്ടെത്തിയിട്ടുമുണ്ടെന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. ഇവരെ നെടുങ്ങണ്ട കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി.
നെടുങ്ങണ്ട കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് കടയ്ക്കാവൂർ അഞ്ചുതെങ്ങ് സ്വദേശികളായ 53 പേർ രോഗമുക്തരായത്. അഞ്ചുതെങ്ങിൽ ഇന്നലെ 50 പേരെ പരിശോധിച്ചതിൽ 6 പേർക്കും കടയ്ക്കാവൂരിൽ 50 പേരെ പരിശോധിച്ചതിൽ ഒരാളിനും പെരുമാതുറ 42 പേരെ പരിശോധിച്ചതിൽ 2 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 95 പേരെ പരിശോധിച്ചതിൽ 3 പേർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.