തിരുവനന്തപുരം:കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം - എയർപോർട്ട് റോഡിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് മിലിട്ടറി എൻജിനിയറിംഗ് സർവീസ് സ്റ്റേഷൻ കമാൻഡർ മേജർ കരൺ ഠാക്കൂറുമായി ചർച്ച നടത്തിയതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു. കടലാക്രമണത്തെ ചെറുക്കാൻ കഴിയുന്ന ആർ.സി.സി ഡയഫ്രം റീട്ടേയിനിംഗ് വാൾ ഉൾപ്പെടെ നിർമ്മിച്ചുള്ള റോഡ് പുനർ നിർമ്മാണത്തിനായി 4.3 കോടി രൂപയുടെ കരാർ ഒപ്പിട്ടു. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റോഡ് ഡിസൈൻ അനുസരിച്ചുള്ള നിർമ്മാണമാണ് തകർന്ന 240 മീറ്ററിൽ നടത്തുന്നത്. കടലാക്രമണത്തെ അതിജീവിക്കുന്ന റോഡുകൾ നിർമ്മിക്കുന്നതിനായി മിലിട്ടറി എൻജിനിയറിംഗ് സർവീസ് എൻജിനിയർമാരുടെ സേവനം ലഭ്യമാക്കാനായിരുന്നു യോഗം. നിർമ്മാണത്തിന് ഇന്ത്യൻ നേവിയുടെ അഭിപ്രായമറിയാൻ നേവൽ ചീഫ് എൻജിനിയർക്ക് കത്ത് നൽകാനും ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ ചെയർമാനും, റീജിയണൽ ഓഫീസർക്കും കത്ത് നൽകുന്നതിനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. മേയർ കെ. ശ്രീകുമാർ, പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.