പാറശാല: നെയ്യാറ്റിൻകര മണ്ഡലത്തിൽ പൊഴിയൂർ, കുളത്തൂർ, കാരോട്, ചെങ്കൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ ഉദ്‌ഘാടനം ചെയ്ത 9 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 4 എണ്ണവും നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നാണ്. അതിൽ തന്നെ രണ്ടെണ്ണം കുളത്തൂർ പഞ്ചായത്തിലും. മണ്ഡലതലത്തിൽ കുളത്തൂരിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ചേർന്ന യോഗം കെ. ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, ജനപ്രതിനിധികൾ, ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ഓരോ ആശുപത്രിയിലും നിലവിൽ ഉണ്ടായിരുന്നതിന് പുറമെ 2 ഡോക്ടർ, 2 നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ എന്നിങ്ങനെ ജീവനക്കാരുടെ എണ്ണം കൂട്ടിയതോടൊപ്പം ഉച്ച വരെയുണ്ടായിരുന്ന ഒ.പി വൈകിട്ട് 6 വരെ ദീർഘിപ്പിച്ചിട്ടുമുണ്ട്. കൂടാതെ ലാബ് ഉപകരണങ്ങളും മറ്റ് സംവിധാനങ്ങൾക്കും പുറമെ ഒ.പി യിൽ വെയ്റ്റിംഗ് സൗകര്യങ്ങൾ ഒരുക്കിയതുൾപ്പെടെ പതിനഞ്ചര ലക്ഷത്തോളം രൂപയാണ് ഓരോ കേന്ദ്രത്തിലും ചെലവഴിച്ചത്. പൊഴിയൂർ, കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപയും നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. ഇതോടെ ഈ മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 5 ആയി ഉയർന്നു.