rain

തിരുവനന്തപുരം: കൊവി‌ഡ് നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ മഴകൂടി കനത്തതോടെ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഈർപ്പമുള്ള അന്തരീക്ഷത്തിൽ കൊവിഡ് വ്യാപന സാധ്യത കൂടുതലാണ്.ഇതോടൊപ്പം മഴക്കാലത്തെ പകർച്ചവ്യാധി ഭീഷണിയും ആങ്കയുയർത്തുന്നതാണ്. അതുകൊണ്ടു തന്നെ വളരെ കരുതൽ ഈ മഴക്കാലത്ത് വേണം. പ്രത്യേകിച്ച് ഇനിയുള്ള കുറച്ചു നാളുകൾ കൊവിഡ് വ്യാപനം കൂടുമെന്ന വിദഗ്‌ദ്ധരുടെ നിഗമനം ഉള്ളതുകൊണ്ട് രോഗം വരാതെ സൂക്ഷിക്കാൻ മാസ്ക് ഉപയോഗിക്കുന്നതിലുൾപ്പെടെ ശ്രദ്ധിക്കേണ്ടതുണ്ട്.

പുറത്തു പോകുമ്പോൾ

മഴക്കാലത്ത് കൂടുതൽ മാസ്‌കുകൾ കൈയിൽ കരുതണം. നനഞ്ഞാലുടൻ മാറ്റണം. അതുണക്കിയും ഉപയോഗിക്കരുത്. ഈർപ്പമുള്ള അന്തരീക്ഷത്തിൽ രണ്ടര മണിക്കൂറിൽ ഒരു മാസ്ക് എന്ന രീതിയിൽ ഉപയോഗിക്കാം. തറയിൽ വീണത് ഉപയോഗിക്കരുത്.

മാസ്‌കിന്റെ മുൻവശത്ത് സ്പർശിക്കരുത്. വള്ളിയിൽ പിടിച്ചു വേണം മുഖത്തു നിന്നു വേർപ്പെടുത്താൻ

അഴുക്കായതോ നനഞ്ഞതോ ആയ മാസ്‌ക്കുകൾ ഉടൻ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബാഗിൽ വെക്കണം. ബാഗിലെ മറ്റുവസ്തുക്കളുമായി കൂടിക്കലരരുത്. പോക്കറ്റിലും വെക്കരുത്. ഓഫീസിൽ മഴക്കോട്ടുകൾ ഒരുമിച്ചിടരുത്. നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറുക. ഷൂസും സോക്സും,വള, മോതിരം, വാച്ച് എന്നിവയും ഒഴിവാക്കണം.

ഓൺലൈൻ ഉത്തമം

പണമിടപാടുകൾ ഓൺലൈനാക്കുക. പണം പോക്കറ്റിലിടാതെ പ്ലാസ്റ്റിക് കവറിലോ,​ പേഴ്സ് പ്ലാസ്റ്റിക് കവറിലോ ആക്കി സൂക്ഷിക്കുക.

വീട്ടിലെത്തിയാൽ

പുറത്ത് പോയിവന്നാൽ തുണി മാസ്‌കുകൾ അര മണിക്കൂർ സോപ്പുവെള്ളത്തിലിട്ടുവെക്കുക. കഴുകിയുണക്കി തേച്ചുവേണം വീണ്ടും ഉപയോഗിക്കാൻ.

സർജിക്കൽ മാസ്ക് ഒരു ബോക്സിൽ സൂക്ഷിച്ച് മൂന്നുദിവസംകഴിഞ്ഞ് പേപ്പറിൽ ചുരുട്ടി കത്തിച്ച് കളയാം
ഐ.ഡി കാർഡ്, മൊബൈൽ ഫോൺ, എ.ടി.എം​ കണ്ണട,​ പേന തുടങ്ങിയവ സാനിറ്റൈസ് ചെയ്യണം.

ഉണങ്ങിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ആവികൊള്ളുന്നത് നല്ലതാണ്.

പനിയെ പേടിക്കരുത്

ജലദോഷം, പനി ലക്ഷണങ്ങൾ ഉണ്ടായാൽ പ്രാഥമിക മരുന്നുകൾ കഴിക്കാം. രണ്ടുദിവസം കഴിഞ്ഞും മാറിയില്ലെങ്കിൽ ഡോക്ടർമാരെ ഫോണിൽവിളിച്ച് നിർദ്ദേശാനുസരണം മരുന്ന് കഴിക്കണം. അത്യാവശ്യഘട്ടത്തിൽ മാത്രം ഡോക്ടറെ നേരിൽ കാണുക.

വിവരങ്ങൾ നൽകിയത്. ഡോ.സുൾഫി നൂഹു,​ സംസ്ഥാന വൈസ് പ്രസിഡന്റ്,​ ഐ.എം.എ