വെഞ്ഞാറമൂട്: വാമനപുരം പഞ്ചായത്തിൽ ഇന്നലെ അടിയന്തരമായി ചേർന്ന പഞ്ചായത്ത് കമ്മിറ്റി ബി.ജെ.പി അംഗങ്ങൾ ബഹിഷ്കരിച്ചു. കഴിഞ്ഞ ബലിപ്പെരുനാൾ അവധി ദിനത്തിൽ വാമനപുരം പഞ്ചായത്ത് ഓഫീസിൽ നിന്നു അനധികൃതമായി ഫർണിച്ചർ അടക്കമുള്ള,​ സാധനങ്ങൾ കടത്തിയെന്ന് കാണിച്ച് ബി.ജെ.പി അംഗങ്ങൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. ബി.ജെ.പി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കടത്തികൊണ്ടുപോയ സാധനങ്ങൾ പഞ്ചായത്ത് ലെെബ്രറി ഹാളിന് സമീപം രാത്രിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിക്കുന്നു. സാധനങ്ങൾ കടത്തിയതിൽ പ്രതിക്ഷേധിച്ചുകൊണ്ട് യോഗം ബഹിഷ്കരിച്ചതായി ബി.ജെ.പി അംഗങ്ങളായ ബി.ജയകുമാർ , വി.ദീപു, ഒ.വി.സതിരാജ് എന്നിവർ അറിയിച്ചു.