foreign-liquor

കൊല്ലം: അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ണനല്ലൂർ പൊലീസ് പിടിച്ചെടുത്തു. മദ്യം സൂക്ഷിച്ചിരുന്ന മുട്ടയ്‌ക്കാവ് ഇടക്കോലിൽ വീട്ടിൽ വിനോദിനെ (35) അറസ്റ്റ് ചെയ്തു. വിനോദിന്റെ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്കൂട്ടറുകളിലായാണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്.

375 മില്ലി ലിറ്റർ വീതമുള്ള 28 കുപ്പിയും 500 മില്ലി ലിറ്റർ വീതമുള്ള 2 കുപ്പിയുമാണ് പിടിച്ചെടുത്തത്. വികലാംഗനായ പ്രതിയെ കരുവാക്കി മറ്റ് രണ്ടുപേരാണ് വിദേശമദ്യം എത്തിച്ച് വില്പന നടത്തിക്കുന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി.