dddd

വിതുര: വീട്ടിൽ നിന്നു സ്വർണവും പണവും നഷ്ടപ്പെട്ടെന്ന പരാതിയുമായാണ് മരുതാമല സ്വദേശിയായ ഗൃഹനാഥൻ വിതുര സ്റ്റേഷനിലെത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ വാദി പ്രതിയായി. ഫോണിൽ പരിചയപ്പെട്ട ആര്യനാട് സ്വദേശിയായ സുഹൃത്തുമായി ഗൃഹനാഥന്റെ ഭാര്യ നടത്തിയ മോഷണ നാടകമാണ് വിതുര പൊലീസ് പൊളിച്ചത്. വീട്ടിൽ ആളില്ലാത്ത സമയത്ത്‌ 27 പവനും 50,000 രൂപയും മോഷണം പോയെന്നാണ് ഗൃഹനാഥൻ വിതുര പൊലീസിൽ പരാതി നൽകിയത്. ഭാര്യയും ഭർത്താവും ഉച്ചയ്‌ക്ക് പുറത്തുപോയപ്പോഴാണ് സംഭവം. തുടർന്ന് വിതുര സി.ഐ എസ്. ശ്രീജിത്തും എസ്.ഐ വി.എൽ. സുധീഷും ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്‌ത് വിട്ടയച്ചു. തൊട്ടടുത്ത ദിവസം മോഷണം പോയ സ്വർണത്തിൽ നിന്നു ഒമ്പത് പവൻ അടുത്ത റൂമിൽ നിന്നു കണ്ടെത്തിയതായി സ്റ്റേഷനിൽ ഇവർ അറിയിച്ചു. പൊലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്‌തപ്പോഴാണ് കള്ളക്കളി വെളിച്ചത്തുവന്നത്. വീട്ടമ്മയുടെ സുഹൃത്താണ് വീട്ടിൽ നിന്ന് സ്വർണവും പണവും കൊണ്ടുപോയതെന്ന് കണ്ടെത്തി. വീട്ടമ്മയുടെ ഫോൺ പൊലീസ് പരിശോധന നടത്തിയപ്പോൾ ഇയാൾ വിളിച്ചതായും കണ്ടെത്തി. മോഷ്ടാവിന്റെ ഫോൺ നമ്പരിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തിരികെവച്ച സ്വർണം വീട്ടമ്മയുടെ സ്വന്തവും കൂട്ടുകാരൻ കൊണ്ടുപോയത് ഭർത്താവിന്റെ ബന്ധുവിന്റെ സ്വർണവുമാണ്. വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചുവയ്‌ക്കാൻ ബന്ധു വീട്ടമ്മയെ ഏല്പിച്ച സ്വർണമാണ് നഷ്ടപ്പെട്ടത്. വീട്ടമ്മയ്‌ക്കും സുഹൃത്തിനുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.