തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണുകളുടെ പൂർണ ചുമതല ഇനി പൊലീസിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സോൺ നിർണയം ഇനി പൊലീസ് നടത്തും. ക്വാറന്റൈൻ ലംഘനം പൂർണമായി ഒഴിവാക്കാൻ നിയന്ത്രണം കർശനമാക്കും. ചാടിപ്പോകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും സാമൂഹ്യാകലം ഉറപ്പാക്കാനും പൊലീസ് നിരീക്ഷണമുണ്ടാകും. കൊവിഡ് പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താൻ അന്വേഷണ സംഘങ്ങളെ നിയോഗിക്കും. രോഗം സ്ഥിരീകരിച്ച് 24 മണിക്കൂറിനകം ഇവരെ കണ്ടെത്താനാണ് നിർദ്ദേശം. സോണുകളിൽ ഇപ്പോഴുള്ളതിനേക്കാൾ നിയന്ത്രണം കൊണ്ടുവരും. സോണിൽ നിന്ന് പുറത്തേക്കോ പുറമേയുള്ളവർക്ക് സോണിലേക്കോ പ്രവേശനം അനുവദിക്കില്ല. അവശ്യ സാധനങ്ങൾ വീടുകളിലേക്ക് എത്തിക്കാൻ പൊലീസോ വോളന്റിയർമാരോ ഉണ്ടാവും. പ്രദേശത്തെ കടകളെയും സജ്ജമാക്കും. ജില്ലാ പൊലീസ് മേധാവിക്ക് നിയന്ത്രണത്തിന്റെ അധികചുമതലയുണ്ടാകും. രോഗവ്യാപനം തടയേണ്ടതിനാണ് പ്രാധാന്യം നൽകുന്നത്. അതിനാൽ നിയന്ത്രണം കർക്കശമായി നടപ്പാക്കിയേ തീരു. ചെറിയ പാരാതികൾ ഉണ്ടായാലും നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.