capt

തിരുവനന്തപുരം: യു.എ.ഇ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ സ്വപ്നയും സംഘവും ലോക്ക്ഡൗണിനിടെ സ്വർണം കൊണ്ടുപോകാൻ സർക്കാർ വാഹനം ഉപയോഗിച്ചോയെന്ന് കസ്റ്റംസ് പരിശോധിക്കുന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ വട്ടിയൂർക്കാവിലെ സി-ആപ്​റ്റിന്റെ അടച്ചുമൂടിയ വാഹനത്തിൽ കോൺസുലേറ്റിന്റെ ആവശ്യത്തിനായി മലപ്പുറത്തെ എടപ്പാളിലേക്ക് 28 പാഴ്സലുകൾ കൊണ്ടുപോയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മതഗ്രന്ഥങ്ങളെന്ന വ്യാജേന, സ്വർണം കടത്തിയിട്ടുണ്ടോയെന്നാണ് സംശയം. ലോക്ക്ഡൗണിനിടെ മുഖ്യപ്രതി റമീസും സംഘവും വൻതോതിൽ സ്വർണം കടത്തിയെന്ന് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ജൂണിലും ജൂലായിലും റമീസ് നിരവധിതവണ തിരുവനന്തപുരത്ത് എത്തിയതായും കണ്ടെത്തി. സി-ആപ്‌റ്റിലെ ഇടപാടുകൾ എൻ.ഐ.എയും അന്വേഷിക്കുന്നു..

. യുഎഇ കോൺസുലേ​റ്റിലെ വാഹനങ്ങൾ സി-ആപ്​റ്റിൽ സ്ഥിരമായി എത്തിയെന്നും, സീൽഡ്

കവറുകളടക്കം കൊണ്ടുപോയെന്നും കണ്ടെത്തി. സി-ആപ്‌റ്റ് മുൻ ഡയറക്ടർ എം.അബ്ദുൽ റഹ്മാന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ജൂൺ 18ന് വിമാനത്താവളത്തിൽ നിന്ന് രണ്ട് കോൺസുലേറ്റ് വാഹനങ്ങളിൽ 28പാക്കറ്റുകൾ സി-ആപ്‌റ്റിൽ എത്തിച്ചിരുന്നു ഈ. പാക്കറ്റുകൾ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സി-ആപ്‌റ്റിന്റെ അടച്ചുപൂട്ടിയ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. പ്രത്യേകം മാർക്ക് ചെയ്തിരുന്ന പാക്കറ്റ് പൊട്ടിച്ച് മതഗ്രന്ഥമാണെന്ന് സി-ആപ്‌റ്റിലെ ഉന്നതൻ ജീവനക്കാരെ കാട്ടി. യുഎഇ കോൺസുലേറ്റിലെ ചിലർ ഇവിടെ നിത്യസന്ദർശകരായിരുന്നു.

കേരളാസ്റ്റേറ്റ് ബോർഡുള്ള അടച്ചുമൂടിയ ലോറിയിൽ കൊണ്ടുപോയ പാക്കറ്റുകളിൽ കുറേയെണ്ണം മൂവാറ്റുപുഴയിൽ ഇറക്കി... പതിനായിരം നോട്ടുപുസ്തകങ്ങളും കടത്തിയതായും, ഡ്രൈവറും സി-ആപ്‌റ്റ് ഉന്നതനും തമ്മിൽ രഹസ്യനമ്പറിൽ വിളിച്ചതായും ലോറിയുടെ യാത്രയ്ക്ക് രേഖകളില്ലെന്നും വിവരം കിട്ടി.

. മന്ത്രി കെ.ടി. ജലീൽ ചെയർമാനായ സ്ഥാപനമാണ് സി-ആപ്‌റ്റ്. നയതന്ത്ര സ്വർണക്കടത്ത് പിടി കൂടിയതിന് പിന്നാലെ, സി-ആപ്‌റ്റ് ഡയറക്ടറായിരുന്ന അബ്ദുൾ റഹ്മാനെ എൽ.ബി.എസ് ഡയറക്ടറായി മാറ്റി നിയമിച്ചതും ദുരൂഹമാണെന്ന് കസ്റ്റംസ് പറഞ്ഞു. ജൂലായ് 23നാണ് അദ്ദേഹത്തിന് സി-ആപ്‌റ്റിൽ നിന്ന് വിടുതൽ നൽകിയത്. . സി-ആപ്‌റ്റിലെ നാല് ജീവനക്കാരെ കസ്റ്റംസ് ഇന്നലെ ചോദ്യംചെയ്തു.

 സി-ആപ്‌റ്റ്

കേരള സ്റ്റേറ്റ് ആഡിയോ വിഷ്വൽ ആൻഡ് റിപ്പോഗ്രാഫിക് സെന്ററാണ് പിന്നീട് സി-ആപ്റ്റായത്. കമ്പ്യൂട്ടർ, ആനിമേഷൻ, പ്രിന്റിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനം 1992 ലാണ് പ്രവർത്തനമാരംഭിച്ചത്.