തിരുവനന്തപുരം: കണ്ടെയ്‌മെന്റ് സോൺ നിർണയത്തിൽ അടിമുടി മാറ്റവുമായി സർക്കാർ. കൗൺസിലർമാരടക്കം വ്യാപക പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം. നിലവിൽ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത് വാർഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ ഇനി പൂർണമായി വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കില്ല. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും സോണുകൾ നിശ്ചയിക്കുക. പോസിറ്റീവായ ആളുടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ കണ്ടെത്തിയാൽ അവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തി, ആ പ്രദേശം ഒരു കണ്ടെയ്ൻമെന്റ് മേഖലയാക്കും. വാർഡിന് പകരം വാർഡിന്റെ ഭാഗത്താണ് ആളുകളുള്ളതെങ്കിൽ ആ പ്രദേശമായിരിക്കും കണ്ടെയ്ൻമെന്റ് സോൺ. ഇതിനായി കൃത്യമായ മാപ്പ് തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും സോൺ പ്രഖ്യാപനം. പിന്നീട് രോഗമുക്തി അനുസരിച്ചായിരിക്കും കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിക്കാനുള്ള തീരുമാനം എടുക്കുക.