കുറുപ്പംപടി: കൊമ്പനാട് പുതുമന കോളനിയിൽ രണ്ടുയുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻശ്രമിച്ച കേസിലെ മുഖ്യപ്രതിയേയും ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ നാലുപേരെയും കുറുപ്പംപടി പൊലീസ് അറസ്റ്റുചെയ്തു. അരുവപ്പാറ മാലിക്കുടി വീട്ടിൽ എൽദോസിന്റെ മകൻ ബേസിലിൽ (26), ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ നെടുങ്ങപ്ര ചെറുവള്ളിക്കുടി ബാലകൃഷ്ണന്റെ മകൻ സിജോ ബാലകൃഷ്ണൻ (45), പ്രളയിക്കാട് കുന്നപ്പിള്ളി വീട്ടിൽ വിദ്യാധരന്റെ മകൻ ഹരി (20), ഐമുറി താമരശേരി വീട്ടിൽ സുരേഷിന്റെ മകൻ ഗോവിന്ദ് (20), വക്കുവള്ളി പടിക്കക്കുടി വീട്ടിൽ പൗലോസിന്റെ മകൻ ആദർശ് (21) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞമാസം 12 നായിരുന്നു സംഭവം. പുതുമന കോളനിയിൽ രാത്രി സംഘമായെത്തിയ പ്രതിയും കൂട്ടാളികളും മനോജ്, സിബി എന്നിവരെ വെട്ടി പരിക്കേൽപിച്ചെന്നാണ് കേസ്. ഈ കേസിൽ രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ ഒളിവിൽ താമസിക്കുന്നതിനിടെയായിരുന്നു എൽദോസിന്റെ അറസ്റ്റ്. മൂന്ന് വധശ്രമക്കേസുൾപ്പെടെ പത്തോളം കേസിലെ പ്രതിയാണ് പെരുമ്പാവൂർ ഡിവൈ. എസ്. പിയുടെ നിർദേശപ്രകാരം കുറുപ്പംപടി സി.ഐ. കെ.ആർ മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.