തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുന്ന രീതി മാറ്റി. ഇനിമുതൽ പ്രൈമറി, സെക്കൻഡറി സമ്പർക്കത്തിലുള്ളവരുടെ വാസസ്ഥലങ്ങൾ കണ്ടെത്തി അവിടം കണ്ടെയ്ൻമെന്റ് സോണാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു വാർഡ് മുഴുവനായി കണ്ടെയ്ൻമെന്റ് സോണാക്കില്ല.
കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ പോകാൻ അനുവദിക്കില്ല. അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ സംവിധാനമുണ്ടാക്കും.ഇത്ര ദിവസത്തേക്ക് എന്ന രീതി മാറ്റി ആ പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സമ്പർക്കക്കാർക്ക് രോഗമില്ല എന്നുറപ്പാക്കുന്നതു വരെ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപനം നിലനിൽക്കും.ഇത് ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാരെക്കൂടി ചുമതലപ്പെടുത്തി.ഓരോ സ്റ്റേഷനിലും എസ്.ഐയുടെ നേതൃത്വത്തിൽ ഒരു ടീമിനെ നിയോഗിക്കും.
ആശുപത്രികൾ, പച്ചക്കറി മത്സ്യ മാർക്കറ്റ്, വിവാഹ, മരണവീടുകൾ, വൻകിട കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തും. എല്ലാ ദിവസവും കളക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും ഡി.എം.ഒ മാരും യോഗം ചേരും. ജില്ലാ പൊലീസ് മേധാവിമാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് സംസ്ഥാനതല പൊലീസ് നോഡൽ ഓഫീസറായി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയെ നിയമിച്ചു.
പൊലീസിന്റെ പ്രധാന ചുമതലകൾ
കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തുന്നതിന് കളക്ടറെ സഹായിക്കൽ.
കണ്ടെയ്ൻമെന്റ് സോണിന്റെ പൂർണ ഉത്തരവാദിത്വം.
ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണം
മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും പൂർണ നിരീക്ഷണം
ആശുപത്രിയിൽ നിന്ന് കടന്നുകളയുന്നവരെ കണ്ടെത്തണം
രോഗികളെ ആശുപത്രിയിലും മറ്രും എത്തിക്കുക
പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുക
രോഗിയുടെ കോൺടാക്ട് ട്രേസിങ് നടത്തുക.
24 മണിക്കൂറിനകം പ്രൈമറി, സെക്കൻഡറി
കോൺടാക്ടുകൾ കണ്ടെത്തുക