മട്ടന്നൂർ: വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ ഖയ്യൂമിൽ നിന്നാണ് നാലു ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇദ്ദേഹം.
ബാഗിലുണ്ടായിരുന്ന രണ്ടു വാച്ചുകൾക്കുള്ളിൽ ഘടിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. രണ്ടു വാച്ചുകളിലുമായി 83.5 ഗ്രാം സ്വർണമാണുണ്ടായിരുന്നത്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.സി.ചാക്കോ, ഇൻസ്പെക്ടർമാരായ ഹബീവ്, ദിലീപ്, മനോജ് യാദവ്, ജോയ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
ആറുലക്ഷത്തിന്റെ ഐഫോണുകളും പിടികൂടി
മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ആറു ലക്ഷം രൂപയുടെ ഐ ഫോണുകളും പിടികൂടി. ദുബായിൽ നിന്നെത്തിയ മുഹമ്മദ് യൂനസിൽ നിന്നാണ് അഞ്ച് ഐ ഫോണും മൂന്ന് ഇയർ പോഡുകളും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രണ്ട് യാത്രക്കാരിൽ നിന്നായി അനധികൃതമായി കൊണ്ടുവരികയായിരുന്ന 16 ഐ ഫോണുകൾ പിടിച്ചെടുത്തിരുന്നു.