bijulal

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്തതിൽ പങ്കില്ലെന്ന് പ്രതി ബിജുലാലിന്റെ ഭാര്യ സിമി. തന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതായി അറിയില്ല. ഓൺലൈൻ ചീട്ടുകളിയിൽ പണം നഷ്ടമായെന്നു ബിജുലാൽ പറഞ്ഞിരുന്നെന്നും കേസിൽ പ്രതിയായ സിമി അഭിഭാഷകൻ മുഖേന നൽകിയ സന്ദേശത്തിൽ പറഞ്ഞു.ഹയർ സെക്കൻഡറി അധ്യാപികയാണ് സിമി.

'ഭർത്താവ് എന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നും മറ്റുമുള്ള വാർത്ത കണ്ടിരുന്നു. എപ്പോൾ മാറ്റിയെന്നോ എത്ര രൂപയെന്നോ അറിയില്ല. അതിനെക്കുറിച്ച് ഒന്നും ബിജു ചേട്ടൻ പറഞ്ഞിട്ടില്ല. കേസായതിനു ശേഷം മാത്രമാണ് എന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നും അത് വേറേതോ അക്കൗണ്ടിലേക്ക് മാറ്റുമെന്നുമൊക്കെ അറിയിക്കുന്നത്. കേസിലകപ്പെട്ട കാര്യം ചോദിച്ച് ചേട്ടനോടു വഴക്കിട്ടിരുന്നു. അപ്പോൾ ഒന്നും പറയാതെ, ഫോൺ പോലും എടുക്കാതെ ഇറങ്ങി പോവുകയാണ് ചെയ്തത്." സിമി പറഞ്ഞു.

സിമിയെയും ബിജുലാലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ബിജുലാൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. ഒളിവിലാണെന്നാണ് വഞ്ചിയൂർ പൊലീസ് പറയുന്നത്.