തിരുവനന്തപുരം: പി.പി.ഇ കിറ്റ് ധരിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധം നടത്തിയ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സുകാരെ അറസ്റ്റുചെയ്‌തു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയോടെയാണ് 40പേർ അടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാർ സംഘം ചേരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസെത്തി സമരക്കാരിൽ ചിലരെ അറസ്റ്റുചെയ്‌തു നീക്കി. ഇതിനിടെ ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. ലോക്ക് ഡൗൺ വിലക്ക് ലംഘിച്ചതിന് 17 പേർക്കെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.