impact

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കാൻ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഐ.സി.യു കിടക്കകൾ പൂർണമായും മാറ്റിവച്ചു. കൊവിഡ് രോഗികൾക്കായി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മാറ്റിവച്ചാൽ മറ്റ് രോഗികൾക്ക് മറ്റു വാർഡുകളിൽ പൂർണമായി ചികിത്സ നൽകാൻ കഴിയുമെന്ന് ജൂലായ് 28ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ബ്ലോക്കിൽ പ്രവർത്തിക്കുന്ന മറ്റു പ്രധാന ചികിത്സാ വിഭാഗങ്ങളിലെ തീവ്രപരിചരണ വിഭാഗങ്ങളിലുള്ള രോഗികൾക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടത്തിലും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലും ഒരുക്കിയിട്ടുള്ള തീവ്രപരിചരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. കാർഡിയോളജി, കാർഡിയോ തൊറാസിക്, ജനറൽ സർജറി, ന്യൂറോ സർജറി ഐ.സി.യുകൾ ഉൾപ്പെടെ 104 ഐ.സി.യു ബെഡുകളാണ് ബദൽ സൗകര്യമേർപ്പെടുത്തിയ ശേഷം കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കുന്നത്. കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേ വാർഡിലെ 120 ഐസൊലേഷൻ മുറികളും കൊവിഡ് രോഗികൾക്ക് വേണ്ടിയുള്ളതാണ്. ഇതോടൊപ്പം നാലു വാർഡുകൾ കൊവിഡ് പോസിറ്റീവ് രോഗികൾക്ക് മാത്രമായി പ്രവർത്തിക്കും. രോഗലക്ഷണങ്ങൾ ഉള്ളവരുടെ ചികിത്സയ്ക്ക് ഒന്നും രണ്ടും വാർഡുകൾ കൂടാതെ ജീറിയാട്രിക് വാർഡ്, സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി വാർഡ് (സാരി വാർഡ്) എന്നിവയുമുണ്ട്. ഹോട്ട് സ്‌പോട്ട്, കണ്ടെയ്ൻമെന്റ് സോൺ എന്നിവിടങ്ങളിൽ നിന്നു വരുന്ന രോഗികൾക്കായി സജ്ജീകരിച്ച 45 കിടക്കകളുള്ള ട്രാൻസിറ്റ് വാർഡ്, 10 കിടക്കകളുള്ള ട്രാൻസിറ്റ് ഐ.സി.യു എന്നിവ ഉൾപ്പെടുന്ന പ്രത്യേക ചികിത്സാ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.