bus

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബസ് സർവീസുകൾ നിറുത്തിവയ്ക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇപ്പോഴത്തെ സാഹചര്യത്തിൽ ബസ് സർവീസ് നിറുത്തിവയ്ക്കുന്നതാണ് നല്ലതന്നെ നിലപാടാണ് ഗതാഗത വകുപ്പിനുള്ളത്. ഇക്കാര്യം ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ അറിയിക്കും. അന്തിമതീരുമാനം മന്ത്രിസഭ കൈക്കൊള്ളും.

ആഗസ്റ്റ് അവസാന വാരം മുതൽ സെപ്തംബർ അവസാനം വരെ സംസ്ഥാനത്ത് രോഗ വ്യാപനം കുത്തനെ വർദ്ധിക്കുമെന്നാണ് ആരോഗ്യവിദഗ്‌‌ദ്ധരുടെ നിഗമനം. അതു ശരിവയ്ക്കുന്ന തരത്തിലാണ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നതും. ഈ സാഹചര്യത്തിൽ പൊതുഗതാഗതം മുന്നോട്ടുകൊണ്ടു പോയാൽ കൂടുതൽ രോഗികളെ സൃഷ്ടിക്കലാകും ഫലമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ. രോഗവ്യാപനം കൂടിയപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ബസ് സർവീസുകൾ പൂർണമായും നിറുത്തിവച്ചിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ബസിനെ ആശ്രയിക്കുന്ന സർക്കാർ ജീവനക്കാർക്കും മറ്റുള്ളവർക്കും മാത്രമായി സ്പെഷ്യൽ സർവീസ് നടത്തിയാൽ മതിയെന്ന ആലോചനയും ഗതാഗത വകുപ്പിനുണ്ട്.

യാത്രക്കാർ കുറവ് വരുമാനവും

മറ്റ് നിവൃത്തിയില്ലാത്തവർ മാത്രമാണ് ഇപ്പോൾ ബസിൽ കയറുന്നത്. മാത്രമല്ല,​ ദിവസം കഴിയുന്തോറും കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂടുകയാണ്. കെ.എസ്.ആർ.ടി.സിയുടെ 28 ഡിപ്പോകൾ ഈ കാരണത്താൽ പൂട്ടി. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് സർവീസ് പുനരാരംഭിച്ചപ്പോൾ കെ.എസ്.ആർ.ടി.സി 2000 ബസുകൾ വരെ നിരത്തിലിറക്കിയിരുന്നു. ഇപ്പോൾ 800നു താഴെ ബസുകൾ മാത്രമേ ഓടിക്കുന്നുള്ളൂ.

ആദ്യ നാളുകളിൽ ശരാശരി ഒരു കോടി രൂപ കളക്ഷൻ കിട്ടിയിരുന്നു. ഇപ്പോൾ അരക്കോടിപോലും കിട്ടുന്നില്ല. ഡീസൽ ചെലവും പോലും കിട്ടാത്തതിനെ തുടർന്ന് സ്വകാര്യബസുകളിൽ 13,​000 എണ്ണം ജി.ഫാം നൽകി സർവീസ് അവസാനിപ്പിച്ചു. മൂവായിരത്തോളം സ്വകാര്യബസുകളാണ് നിരത്തിലുളളത്. അതും രാവിലേയും വൈകിട്ടും മാത്രം.

''

ബസ് സർവീസുകൾ നിറുത്തിവയ്ക്കുന്നതിന്റെ പോസിറ്റീവ് കാര്യവും നെഗറ്റീവ് കാര്യവും മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കും. അതനുസരിച്ച് ചർച്ച ചെയ്താകും തീരുമാനം.

- എ.കെ. ശശീന്ദ്രൻ,​ ഗതാഗത മന്ത്രി