തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടുകോടി തട്ടിയ കേസിൽ തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം ബിജുലാലിനും ഭാര്യ സിമിക്കും എതിരെ കേസ് എടുത്തെങ്കിലും ഇവരെ കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് രേഖപ്പെടുത്താനോ പൊലീസ് തയാറായിട്ടില്ല. സിമി വഴയിലയിലെ ബന്ധുവീട്ടിലാണെന്നാണ് വിവരം. ബിജുലാൽ ജില്ലാ കോടതിയിൽ കീഴടങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മടക്കിയിരുന്നു. അഭിഭാഷകൻ വഴി കീഴടങ്ങാൻ താല്പര്യം അറിയിച്ചെങ്കിലും പൊലീസ് സഹകരിച്ചില്ലെന്നും സൂചനയുണ്ട്. ഫോൺ വീട്ടിൽ ഉപേക്ഷിച്ച് പോയതിനാൽ പിന്തുടരാൻ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും പൊലീസ് പറയുന്നു.