ഇരവിപുരം: ബൈക്ക് തടഞ്ഞുനിറുത്തിയതിന്റെ പേരിൽ കണ്ടെയ്ൻമെന്റ് സോണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ രണ്ട് യുവാക്കളെ മണിക്കൂറുകൾക്കകം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കട അർബൻ ബാങ്കിന് സമീപം മിറാഷ് മൻസിലിൽ മിറാഷ് (24), ഇരവിപുരം ആക്കോലിൽ നേതാജി നഗർ 83 വെളിയിൽ പടിഞ്ഞാറ്റതിൽ ഷൈൻ എന്നുവിളിക്കുന്ന ഷൈനു (24) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കയ്യാലയ്ക്കൽ ചകിരിക്കടയിലായിരുന്നു സംഭവം. കൊല്ലം കോർപ്പറേഷനിൽപ്പെട്ട ഇവിടം കണ്ടെയ്ൻമെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചതിനാൽ സ്വകാര്യ വാഹനങ്ങൾക്ക് യാത്രാനിരോധനമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിലെ ഗ്രേഡ് എസ്.ഐ ഗിരീഷ്, സി.പി.ഒ അരുൺ മുരളി എന്നിവരെ ഇവിടെ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയായിരുന്നു. ഈ സമയം ഹെൽമെറ്റോ മാസ്കോ ധരിക്കാതെ യുവാക്കൾ വന്ന ബൈക്ക് പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തി. ഇതിൽ പ്രകോപിതരായ ഇവർ പൊലീസുകാർക്ക് നേരെ അസഭ്യവർഷം നടത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു.
ഉടൻ തന്നെ കൊല്ലം എ.സി.പി പ്രദീപ്കുമാറിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മോട്ടോർ വാഹന വകുപ്പിന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചും വാഹന ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇരവിപുരം സി.ഐ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, ജി.എസ്.ഐ ജയകുമാർ, സുതൻ, എ.എസ്.ഐമാരായ ഷാജി, ഷിബു ജെ. പീറ്റർ, സി.പി.ഒമാരായ സാബിത്ത്, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ് യുവാക്കളെന്ന് പൊലീസ് അറിയിച്ചു.