help

കിളിമാനൂർ: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഏകജാലക പ്രവേശനത്തിനായി സഞ്ചരിക്കുന്ന ഹെൽപ്പ് ഡെസ്കുമായി കിളിമാനൂർ ബി.ആർ.സി മാതൃകയായി. വൊക്കേഷണൽ ഹയർ സെക്കൻഡറി പുതിയ പാഠ്യ സമ്പ്രദായമായ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്കിലേക്ക് (എൻ.എസ്.ക്യു.എഫ്) മാറിയ സാഹചര്യത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടാകുന്ന സംശയനിവാരണത്തിനായും ഓൺലൈൻ ആപ്ലിക്കേഷൻ സബ്മിഷനുമായി ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു. ബി.ആർ.സി പരിധിയിലെ ഹയർസെക്കൻഡറി സ്കൂളുകളിലും പഞ്ചായത്ത് തലഹെൽപ്പ് ഡെസ്കുകൾ ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെയാണ് പഞ്ചായത്ത് ഓഫീസ്, ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുഇടങ്ങളിൽ സഞ്ചരിക്കുന്ന ഹെൽപ്പ് ഡെസ്ക് എത്തിച്ചേർന്നത്. ബി.ആർ.സിയിലെ പരിശീലകരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ ലാപ്ടോപ്, നെറ്റ് കണക്ഷനും ഒപ്പം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സോപ്പ്, മാസ്ക് സാനിറ്റൈസർ ഉൾപ്പെടെ സജ്ജീകരിച്ചാണ് സഞ്ചരിക്കുന്ന ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. ഇതിനോടകം തന്നെ ഇരുന്നൂറിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കാനായതായി സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സാബു വി.ആർ പറഞ്ഞു. സഞ്ചരിക്കുന്ന ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ്, വാർഡ് മെമ്പർ സജി, എൻ. പ്രകാശ്, അജി, അദ്ധ്യാപക പരിശീലകൻ വൈശാഖ് കെ. എസ് തുടങ്ങിയവർ പങ്കെടുത്തു .