കടയ്ക്കാവൂർ: മഴവെള്ളം ഒഴുകിപോകാത്തത് മൂലം അഞ്ചുതെങ്ങ് പിള്ളക്കവിളാകം മാമൂട് എന്നിവിടങ്ങളിലെ പ്രദേശവാസികൾ ദുരിതത്തിൽ. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ് 6 - 7 (പുത്തൻനട - സെന്റ് മേരീസ് പള്ളി) പ്രദേശവാസികളാണ് ദുരിതത്തിൽ കഴിയുന്നത്. മുൻകാലങ്ങളിൽ വടക്കേ വാടക്കുളത്തിൽ നിന്നും മഴക്കാലത്ത് കുളം നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുന്നതും വള്ളങ്ങൾ എത്തുമായിരുന്നതുമായ തോടുണ്ടായിരുന്ന പ്രദേശമായിരുന്നു ഇവിടം.
എന്നാൽ പലരും കൈയൂക്ക് കാട്ടി പ്രദേശവാസികളുടെ എതിർപ്പ് വകവെക്കാതെ തോട് നികത്തി സ്വന്തമാക്കുകയായിരുന്നു. ഇതുമൂലം വെള്ളം ഒഴുകിപോകാൻ കഴിയാത്ത അവസ്ഥയായി. ഇവിടെ അനവധി വീടുകൾ പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിൽ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ പലത് കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതികയുണ്ട്ട്. ഇനിയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴശക്തമായാൽ കൊവിഡിന് ഒപ്പം ഈ മലിന ജലം കൂടിയായാൽ മറ്റ് പകർച്ച വ്യാധികൾ കൂടി പകരുമെന്ന ഭയപ്പാടിലാണ് ജനങ്ങൾ. ഓരോ മഴക്കാലങ്ങൾക്ക് മുൻപും ഓടകളും മറ്റും ശുചീകരിക്കാനായി ലക്ഷങ്ങളാണ് വകയിരുത്തപ്പെടുന്നതെങ്കിലും. ചില പ്രദേശങ്ങളിൽ മാത്രമാണ് മഴക്കാല പൂർവ്വ ശുചീകരണമെന്ന പേരിൽ എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടുന്നത്. പ്രദേശത്തെ തിരിഞ്ഞ്നോക്കാൻ പോലും അധികൃതർ തയാറാകുന്നില്ല എന്നാണ് പ്രദേശവാസികൾ അമർഷത്തോടെ പറയുന്നത്.നിരവധി തവണ നേരിട്ടും രേഖാമൂലവും പരാതിപ്പെട്ടിട്ടും തങ്ങളോട് അധികൃതർ കാട്ടുന്നത് കടുത്ത അവഗണനയാണെന്നാണ് നാട്ടുകാർ പറയുന്നത്.