തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാർ, സ്വകാര്യ ഡെന്റൽ ഡോക്ടർമാരുടെ കൂടി സഹായം തേടുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാവുകയും നിരവധി ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെയുമാണ് ഇവരുടെ സേവനം കൂടി പ്രയോജനപ്പെടുത്താനുള്ള നീക്കം. സർക്കാർ ഡെന്റൽ ഡോക്ടർമാർ നേരത്തേതന്നെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്.
ആദ്യ ഘട്ടത്തിൽ സ്രവ ശേഖരണത്തിനാണ് ഇവരെ നിയോഗിക്കുന്നത്. കണ്ടെയ്‌ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണുകളിലെ സെന്ററുകളിലടക്കം ഇവരുടെ സേവനം ലഭ്യമാക്കും. രോഗവ്യാപനം കൂടുതലായ തിരുവനന്തപുരം,കൊല്ലം, വയനാട് മേഖലകളിലാണ് കൂടുതൽ ഡോക്ടർമാരെ നിയോഗിക്കുക. പ്രതിസന്ധി രൂക്ഷമാവുന്ന മുറയ്ക്ക് കൂടുതൽ ഡോക്ടർമാരുടെ സേവനം വേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചതായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ അറിയിച്ചു. സ്രവ ശേഖരണത്തിനും മറ്റുമുള്ള പരിശീലനം ഇവർക്ക് നൽകുന്നുണ്ട്. ഇതിനൊപ്പം ഇവരെ കൊവിഡ് വാർഡുകളിൽ നിയോഗിക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്.
ഡോക്ടർമാരെ കരുതാം
ഡെന്റൽ ഡോക്ടർമാർക്ക് സ്രവ ശേഖരണ ചുമതല നൽകുമ്പോൾ നിലവിൽ ഇത് നിർവഹിക്കുന്ന ഡോക്ടമാരെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ സാധിക്കും. ഇതുവഴി സംസ്ഥാനത്ത് നിലനിൽക്കുന്ന ഡോക്ടർമാരുടെ കുറവ് ഒരുവിധം പരിഹരിക്കാം. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന പരാതിയുണ്ട്. ഇതു പരിഹരിക്കാനും, കൊവിഡ് ചികിത്സയ്ക്കും ഇതര ചികിത്സയ്ക്കും ആവശ്യത്തിന് ഡോക്ടർമാരെ കരുതാനുമാണ് സർക്കാരിന്റെ പുതിയ നീക്കം.
നടത്തുന്നത് റാപ്പിഡ് ആന്റിജെൻ ടെസ്റ്റ്
സേവനം മൂന്നു മണിക്കൂറോളം
ദിവസവും ശേഖരിക്കുന്നത് 70ഓളം സാമ്പിളുകൾ
പി.പി.ഇ കിറ്റടക്കം എല്ലാ സുരക്ഷാ ഉപകരണങ്ങളും നൽകി സുരക്ഷ ഉറപ്പുവരുത്തിയാണ് ഓരോ മേഖലയിലും നിയോഗിക്കുന്നത്. വാഹന സൗകര്യവും നൽകുന്നുണ്ട്. യാതൊരുവിധ നിർബന്ധങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നില്ല. ആദ്യഘട്ടത്തിൽ ഡോക്ടർമാർക്ക് ചെറിയ പേടിയുണ്ടായിരുന്നെങ്കിലും നൽകിയ പരിശീലനം ഇതെല്ലാം മാറ്റി.
-ഡോ.സിദ്ധാർത്ഥ് വി.നായർ
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, തിരുവനനന്തപുരം ജില്ലാ സെക്രട്ടറി