ബാലരാമപുരം: ബാലരാമപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം 57 ആയതോടെ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ ആക്കണമെന്ന് പഞ്ചായത്ത്, കളക്ടർക്ക് കത്ത് നൽകി. ഇന്നലെയും പഞ്ചായത്തിൽ 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപന തോത് വർദ്ധിച്ച സാഹചര്യത്തിലും ഉറവിടമറിയാത്ത കേസുകൾ ഉയരുകയും ചെയ്തതോടെയാണ് പഞ്ചായത്തിലെ വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുന്നത്. നഗരപ്രദേശങ്ങളിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നും നിരവധി ആൾക്കാർ കച്ചവടത്തിനായും സാധനം വാങ്ങുന്നതിനും മറ്റും ബാലരാമപുരത്ത് വന്നുപോകുന്നവരാണ്. തിരക്ക് വർദ്ധിക്കുന്നത് ആരോഗ്യവകുപ്പിന് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് എം.എൽ.എ,​ പൊലീസ്,​ ആരോഗ്യവകുപ്പ്,​ വിവിധ രാഷ്ട്രീയപ്പാർട്ടികൾ എന്നിവരെ ഉൾപ്പെടുത്തി സർവകക്ഷി യോഗം വിളിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായി.

നടപടി വേഗത്തിലാക്കണം: എ.എം.സുധീർ,കോൺഗ്രസ്​ മണ്ഡലം പ്രസിഡന്റ്

കൊവിഡ് രോഗികൾ വർദ്ധിക്കുകയാണ്. അസുഖം ബാധിച്ചവരുടെ സമ്പർക്ക പട്ടികപോലും തയ്യാറാക്കാൻ ആരോഗ്യവകുപ്പിന് കഴിയുന്നില്ല. ബാലരാമപുരം ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള വിവിധ വാർഡുകളിൽ ജനസാന്ദ്രത കൂടുതലാണ്. ഹയർസെക്കൻഡറി സ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന്റെ ഭാഗമായി അക്ഷയ സെന്ററുകളിലും ഓൺലൈൻ അപേക്ഷ സെന്ററുകളിലും തിരക്കേറുകയാണ്. ബാലരാമപുരം ഗ്രാമപഞ്ചായത്ത് മുഴുവനും ലോക്ക് ഡൗൺ ആക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് കത്ത് കൈമാറിയിട്ടുണ്ട്.

ബി.ജെ.പി ഉന്നയിച്ച ആവശ്യങ്ങൾ അവഗണിക്കുന്നു : പുന്നക്കാട് ബിജു, നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്

നൂറിൽക്കൂടുതൽ പേരെ പങ്കെടുപ്പിച്ച പൊതുചടങ്ങ് ഒഴിവാക്കണമെന്ന ബി.ജെ.പി നേതൃത്വത്തിന്റെയും പാർലമെന്ററി മെമ്പർമാരുടെയും ആവശ്യം പഞ്ചായത്തും പൊലീസും ആരോഗ്യവകുപ്പും നിരാകരിച്ചതിനു പിന്നാലെ പൊതുചടങ്ങിൽ പങ്കെടുത്തവർ മുഴുവൻ പേരും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ട് പഞ്ചായത്തോ ആരോഗ്യവകുപ്പോ നടപടി സ്വീകരിച്ചിട്ടില്ല. ബാലരാമപുരത്തെ കൊവിഡ് വ്യാപനത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം.