മുഖപ്രസംഗം
.................
കളക്ടറുടെ ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്ത തിരുവനന്തപുരം വഞ്ചിയൂർ അഡിഷണൽ സബ് ട്രഷറിയിലെ ഉദ്യോഗസ്ഥൻ എം.ആർ. ബിജുലാലിനെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനത്തെ അഭിനന്ദിക്കണം. ഗുരുതരമായ തെറ്റു കാണിച്ചിട്ടും സുഖമായി സർവീസിൽ തുടരുന്ന അനേകായിരം ഉദ്യോഗസ്ഥർ സർക്കാർ സർവീസിലുണ്ട്. അത്തരക്കാർക്കുള്ള വലിയൊരു സന്ദേശം കൂടി ബിജുലാലിനെതിരായ നടപടി ഉൾക്കൊള്ളുന്നുണ്ട്. ഒരു കൂസലുമില്ലാതെ സർക്കാർ ഖജനാവിൽ നിന്ന് രണ്ടുകോടി രൂപ തന്റെ അക്കൗണ്ടിലേക്കു മാറ്റുകയും ഉടൻ തന്നെ അതിൽ നിന്ന് 62 ലക്ഷം രൂപ ഭാര്യയുടെയും മറ്റു ബന്ധുക്കളുടെയും പേരിൽ മറ്റു ബാങ്കുകളിലേക്ക് വക മാറ്റുകയും ചെയ്ത ഇതുപോലൊരു വീരനെ സർവീസിൽ വച്ചു വാഴിക്കാതെ അടുത്ത നിമിഷം തന്നെ പുറത്താക്കുക തന്നെയാണു വേണ്ടത്. ട്രഷറി പോലുള്ള വകുപ്പുകളിൽ ജോലി ചെയ്യുന്നവരുടെ സ്വഭാവശുദ്ധിയും സത്യസന്ധതയും അതിപ്രധാനമാണ്. പണത്തോടുള്ള ആർത്തി മൂത്ത് ഖജനാവു തന്നെ കൊള്ളയടിക്കാൻ മുതിർന്നവൻ ഒരുവിധ ദയവും അർഹിക്കുന്നില്ല. സർവീസ് ചട്ടങ്ങൾ നൽകുന്ന ഒരു തരത്തിലുള്ള സംരക്ഷണത്തിനും അയാൾ അർഹനുമല്ല.
കളക്ടറുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് പണം തട്ടാൻ ഉപയോഗിച്ച സൂത്രവിദ്യയുടെ വിശദാംശങ്ങൾ പുറത്തുവന്നുകഴിഞ്ഞു. രണ്ടുമാസം മുൻപ് വിരമിച്ച ട്രഷറി ഓഫീസറുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് ബിജുലാൽ രണ്ടുകോടി രൂപ തന്റെ അക്കൗണ്ടിലേക്കു മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിരമിച്ച ദിവസം തന്നെ ഉദ്യോഗസ്ഥന്റെ യൂസർ ഐഡിയും പാസ്വേഡും റദ്ദാക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്ത ശേഷമാണോ ഉദ്യോഗത്തിൽ നിന്ന് പിരിയുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതുമായിരുന്നു. ഖജനാവിന്റെ വാതിൽ മലർക്കെ തുറന്നിടുന്നതിനു സമാനമായ പ്രവൃത്തിയാണ് വഞ്ചിയൂർ ട്രഷറിയിൽ ഉണ്ടായത്. ഏറ്റവും സുരക്ഷിതമെന്നു പൊതുജനങ്ങൾ വിശ്വസിക്കുന്ന ട്രഷറിയിൽ ഇതുപോലുള്ള തീവെട്ടിക്കൊള്ള അരങ്ങേറിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് സർക്കാരിനു ബോദ്ധ്യമായിക്കാണണം. അതുകൊണ്ടാണ് ട്രഷറിയുടെ വിശ്വാസ്യതയ്ക്കു മേൽ കരിനിഴൽ വീഴ്ത്താൻ അനുവദിക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഉറച്ച സ്വരത്തിൽ പറഞ്ഞത്. ജൂലായ് 27-നാണ് പണാപഹരണം നടന്നതെങ്കിലും അതറിയാൻ രണ്ടുദിവസമെടുത്തതിലും ഒട്ടേറെ ദുരൂഹതകളുണ്ട്. വഞ്ചിയൂരിൽ നടന്നതു പോലുള്ള തട്ടിപ്പ് മറ്റു ട്രഷറികളിലും നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ട്രഷറികളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ കുറ്റമറ്റതാക്കുക എന്ന വെല്ലുവിളിയും മുന്നിലുണ്ട്. സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കൂടി കളങ്കമേല്പിക്കുന്നതാണ് ട്രഷറി കൊള്ളയെന്നു പ്രത്യേകം പറയേണ്ടതില്ല.
ഇതിനു മുൻപും സംസ്ഥാനത്ത് ട്രഷറി തട്ടിപ്പുകൾ നടന്നിട്ടുണ്ട്. പലരും സസ്പെൻഷനിലുമായിട്ടുണ്ട്. സംഘടനാ ബലത്തിൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അവരെല്ലാം സർവീസിൽ തിരികെ എത്തും. ഇടപാടുകാരുടെ അക്കൗണ്ടുകളിൽ കടന്നുകയറി പണം തട്ടിയ സംഭവങ്ങൾ ഒട്ടേറെ ട്രഷറികളിൽ നടന്നിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയാലും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വലിയ തോതിൽ ശിക്ഷാനടപടി എടുക്കാറില്ല. സംഘടനാ ബലമാകും ഇത്തരം ഘട്ടങ്ങളിൽ പലർക്കും രക്ഷാകവചമാകുക. ഏതാനും ദിവസത്തെ സസ്പെൻഷനിലോ സ്ഥലം മാറ്റത്തിലോ ഒതുങ്ങും പലപ്പോഴും ശിക്ഷാ നടപടി. ഈ ഔദാര്യം മുതലെടുത്താകും തട്ടിപ്പ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുക. തലസ്ഥാനത്തു തന്നെ ഏതാനും വർഷം മുൻപ് വെള്ളയമ്പലം ട്രഷറിയിൽ നടന്ന തട്ടിപ്പ് അക്കാലത്ത് ഏറെ വിവാദമായതാണ്. തട്ടിപ്പുകളുടെ പേരിൽ ആരും പുറത്തുപോകേണ്ടി വരാറില്ല. കോടിക്കണക്കിനു രൂപ ദിവസേന കൈകാര്യം ചെയ്യുന്ന ട്രഷറികളിൽ സുരക്ഷാസംവിധാനങ്ങൾ ഇനിയും ശക്തമാക്കേണ്ടതിലേക്കാണ് വഞ്ചിയൂർ സംഭവം വിരൽചൂണ്ടുന്നത്. ഒരു തരത്തിലുള്ള ക്രമക്കേടും നടക്കരുതാത്ത ഇടമാകണം ട്രഷറി പോലുള്ള സ്ഥാപനങ്ങൾ.