
തിരുവനന്തപുരം : കൊവിഡ് ബാധിതരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ സർക്കാർ തീരുമാനം അശാസ്ത്രീയമെന്ന് ആക്ഷേപം.ഇത് കൂടുതൽ രോഗവ്യാപനത്തിൽ വഴിയൊരുക്കുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
സമ്പർക്കപ്പട്ടിക തയ്യാറാക്കലിന് പുറമെ, ക്വാറൻൈൻ നിരീക്ഷണം, കണ്ടെയ്ൻമെൻറ് സോൺ നിശ്ചയിക്കൽ എന്നീ ചുമതലകളും പൊലീസിന് നൽകിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ ശാസ്ത്രീയമായാണ് സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത്. ഇതിൽ പൊലീസിൻെറ സഹായം ആവശ്യമില്ല. ഇതിലെ മികവാണ് സംസ്ഥാനത്ത്ഒരു പരിധിവരെ രോഗവ്യാപനം പിടിച്ചു നിറുത്താൻ സഹായിച്ചത്.സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേൻ, ഗവ.മെഡി.ഓഫീസേഴ്സ് അസോസിയേഷൻ, ഗവ.സപെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ, ഹെൽത്ത് ഇൻസ്‌പെക്ടേഴ്സ് യൂണിയൻ തുടങ്ങി നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
ക്വാറൻൈൻ നിരീക്ഷണം ആരോഗ്യവകുപ്പും പൊലീസും സംയുക്തമായാണ് നടത്തേണ്ടത്. ക്വാറൻൈനിൽ കഴിയുന്നവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ആവശ്യമായ നിർദ്ദേശം ആരോഗ്യപ്രവർത്തകർ നൽകും.. എന്നാൽ ക്വാറൻൈൻ ലംഘനം ഉണ്ടാകാതിരിക്കാൻ പൊലീസ് ഇടപെടണം. കണ്ടെയ്ൻമെൻറ് സോണുകൾ നിശ്ചയിക്കുന്നതിൽ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതിലും ആരോഗ്യപ്രവർത്തകർക്ക് എതിർപ്പില്ല.
ഇതുവരെ
ചെയ്തത്
*രോഗബാധിതൻെറ വിവരങ്ങൾ ഡി.എം.ഒ ഓഫീസിൽ നിന്നും സാമൂഹ്യ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക്
കൈമാറൽ.
*ഹെൽത്ത് ഇൻസ്‌പെക്ടറുടെയും ജൂനിയർ ഹെൽത്ത് ഇൻപെടക്ടറുടെയും നേതൃത്വത്തിൽ സബ്സെൻററുകൾ കേന്ദ്രീകരിച്ച് ആശാവർക്കർമാരുടെ പങ്കാളിത്തതോടെ സമ്പർക്ക വ്യാപന നിരീക്ഷണം
*പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടിക തയ്യാറാക്കി വിവരങ്ങൾ കൊവിഡ് ജാഗ്രത പോർട്ടലിൽ രേഖപ്പെടുത്തൽ
* ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി പരിശോധന .
ഇനി ഇങ്ങനെ
*രോഗബാധിതൻെറ വിവരങ്ങൾ ഡി.എം.ഒ ജില്ലാപൊലീസ് മേധാവിക്ക് നൽകും
*സ്റ്റേഷനിൽ എസ്.ഐയുടെെ നേതൃത്വത്തിൽ മൂന്നംഗ സംഘം പട്ടിക തയ്യാറാക്കും.
* ജില്ലാതലത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കും.
'ആരോഗ്യപ്രവർത്തകർ ചെയ്യേണ്ട ജോലി പൊലീസിനെ ഏൽപ്പിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും.'
-ഡോ.എബ്രഹാം വർഗീസ്
പ്രസിഡൻറ്, ഐ.എം.എ
'സമ്പർക്കപ്പട്ടിക തയ്യാറാക്കേണ്ടത് ആരോഗ്യ വിഷയത്തിൽ പരിശീലനമുള്ളവരാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.'
-ഡോ.ജി.എസ്.വിജയകൃഷ്ണൻ
ജനറൽ സെക്രട്ടറി, കെ.ജി.എം.ഒ.എ