തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെതിരെ അഴിമതിയടക്കമുള്ള ആരോപണങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് 'സേവ് കേരള സ്‌പീക്കപ്പ് കാമ്പെയിൻ" സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ അറിയിച്ചു.
കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവർ രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് ഒന്നു വരെ സത്യാഗ്രഹം അനുഷ്ഠിക്കും. സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ഓഫീസിൽ രാവിലെ ഒമ്പതിന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. സമാപന സമ്മേളനം ഉച്ചയ്‌ക്ക് ഒന്നിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി എന്നിവർ കെ.പി.സി.സി ആസ്ഥാനത്ത് സത്യാഗ്രഹം നടത്തും. കെ.പി.സി.സി ആസ്ഥാനത്തും കണ്ടെയ്ൻമെന്റ് സോണല്ലാത്ത ജില്ലകളിൽ ഡി.സി.സി ഓഫീസിലും കണ്ടെയ്ൻമെന്റ് സോണുകളിൽ നേതാക്കൾ അവരവരുടെ വീടുകളിലും സത്യാഗ്രഹം നടത്തും. കാമ്പെയിനിന്റെ രണ്ടാം ഘട്ടത്തിൽ ഡി.സിസി - ബ്ലോക്ക് ഭാരവാഹികളും മൂന്നാം ഘട്ടത്തിൽ മണ്ഡലം- വാർഡ് ഭാരവാഹികളും സത്യാഗ്രഹം നടത്തുമെന്നു അനിൽകുമാർ അറിയിച്ചു.