mullappally

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സി.പി.എമ്മിനും മുന്നിൽ ചമ്പൽക്കൊള്ളക്കാർ നിസാരരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി.സി.സി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പിണറായി സർക്കാരിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ആരോപിച്ച് നടത്തുന്ന എക്സ്‌പോസിംഗ് പിണറായി എ 2 ഇസഡ് വീഡിയോ പരമ്പരയുടെ ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സർക്കാരിന്റെ നാലുവർഷത്തെ ഭരണം ദുരിതകാലമായിരുന്നു. അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ചെറുപ്പക്കാരുടെ സർക്കാർ ജോലിയെന്ന സ്വപ്നം നിഷേധിച്ചു. ഗുഡ്‌വിൻ നിക്ഷേപത്തട്ടിപ്പിലെ പ്രതികളുമായുള്ള സി.പി.എം നേതാക്കളുടേയും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്പീക്കറുടെയും പങ്കിനെപ്പറ്റി സമഗ്രാന്വേഷണം വേണം. ക്വിറ്റിന്ത്യാ ദിനം അടുത്തുവരുമ്പോൾ സി.പി.എമ്മിനോട് പറയാനുള്ളത് ക്വിറ്റ് കേരളയെന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

എല്ലാം ശരിയാക്കാൻ വന്നവർ ജനങ്ങളെ പരമാവധി ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ട്രഷറി വകുപ്പിൽ നിരന്തരമായ കൊള്ളയും തട്ടിപ്പും നടക്കുമ്പോൾ അതിന് കൂട്ടുനിൽക്കുന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസകിന്റേത്. ട്രഷറി ഇടപാടുകളിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനധികൃതമായി ഒരു കൺസൾട്ടൻസിയേയും നിയമിച്ചിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ഡോ.മാത്യു കുഴൽനാടൻ സ്വാഗതവും കെ.പി.അനിൽകുമാർ നന്ദിയും പറഞ്ഞു.