കിളിമാനൂർ: മഴ നനയാതെ കിടന്നുറങ്ങാൻ ഷീറ്റും ടാർപയും കെട്ടി കുടിലിൽ കിടന്നിരുന്ന സന്തോഷിനും ഭാര്യക്കും രണ്ടു കുഞ്ഞുങ്ങൾക്കും ഇനി അന്തി ഉറങ്ങാൻ കുടിൽ ഇല്ല. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആനന്ദം മുക്ക് നന്ദൻ നിവാസിൽ കൂലിപ്പണിക്കാരനായ സന്തോഷിനും ഭാര്യക്കും 7 വയസും, ഒരു വയസുമുള്ള കുഞ്ഞുങ്ങൾക്കുമാണ് ഇന്നലത്തെ മഴയിലും കാറ്റിലും കിടപ്പാടം ഇല്ലാതായത്. വീടിനോട് ചേർന്ന് നിന്ന മരുതി മരം വീടിന് മുകളിലേക്ക് പിഴുതു വീഴുകയായിരുന്നു, ചൊവ്വാഴ്ച രാവിലത്തെ കാറ്റിലും മഴയിലുമാണ് മരം വീടിന് മുകളിലേക്ക് മറിഞ്ഞത്. വീടിനുള്ളിലായിരുന്ന കുടുംബം ഭാഗ്യംകൊണ്ട് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അടച്ചുറപ്പില്ലാത്ത ഷീറ്റും, ടാർപ്പയും കെട്ടിയ ഈ കുടിലിലായിരുന്നു അഞ്ചുവർഷമായി കുടുംബം താമസിക്കുന്നത്. ലൈഫ് പദ്ധതിയും, മറ്റ് സംവിധാനങ്ങളും ഒക്കെ വീട് നിർമ്മാണത്തിന് ഉണ്ടെങ്കിലും ഈ പാവപ്പെട്ട കുടുംബത്തിന് ഒരു ടൊയ്‌ലെറ്റ് പോലും കിട്ടിയില്ല. മഴയിൽ വീട് ചോർന്നൊലിക്കുന്നതായിരുന്നു. കുട്ടികളെ മഴ നനയ്ക്കാതെ ഉറക്കുന്നതിന് ടാർപ്പയും ഷീറ്റും കെട്ടി ഒരു വിധത്തിൽ കഴിയുമ്പോഴാണ് ഇരുട്ടടി പോലെ മരംവീണ് വീട് പൂർണമായി തകർന്നത്. വീട് പുനർനിർമിക്കാൻ നിവൃത്തിയില്ലാതെ ജീവിതമാർഗം മുട്ടിനിൽക്കുന്ന തങ്ങൾക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ഇനിയെങ്കിലും കനിവുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. സന്തോഷിന്റെ വീട് പുനർ നിർമിക്കുന്നതിന് അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, കുടുംബത്തിന് അന്തിയുറങ്ങുന്നതിന് അടിയന്തര സംവിധാനം ഒരുക്കണമെന്നും തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് ആവശ്യപ്പെട്ടു.