തിരുവനന്തപുരം: മാനസിക സംഘർഷത്തിലായിരുന്ന ഭവ്യയെ സ്‌കൂളിൽ കൗൺസലിംഗ് നടത്തിയിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുക്കോല സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ളാസുകാരി ഭവ്യയുടെ ആത്മഹത്യയിൽ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്തിയത്. വീട്ടിലെ പ്രശ്‌നങ്ങൾ കുട്ടികളുടെ മനസ് സംഘർഷഭരിതമാക്കുന്നത് തടഞ്ഞിരുന്നെങ്കിൽ ആത്മഹത്യയുണ്ടാകുമായിരുന്നില്ലെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു. ഇതേ കാരണത്താൽ നേരത്തെ രണ്ടുതവണ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. കുട്ടിയുടെ മരണശേഷം അമ്മ സാമൂഹ്യമാദ്ധ്യമത്തിലൂടെ പുറത്തുവിട്ട കുട്ടിയുടെ ഫോട്ടോയും ആശങ്കാജനകമായ കുറിപ്പും കണ്ടതോടെയാണ് പൊലീസ് സംഭവത്തിൽ സ്വമേധയാ അന്വേഷണം നടത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം വീട്ടിൽ സ്ഥിരം വഴക്കായിരുന്നു. അതാണ് കുട്ടിയുടെ മനസിൽ പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് അറിയുന്നത്. ഇക്കാര്യം സുഹൃത്തുക്കളോടും സഹപാഠികളോടും പറഞ്ഞിരുന്നു. സ്‌കൂൾ അധികൃതർ കൗൺസലിംഗ് നടത്തി മനസ് ശാന്താമാക്കാനും പ്രശ്‌നങ്ങൾ മനസിലാക്കാനും ശ്രമിച്ചിരുന്നു. എന്നാൽ അതിനൊന്നും തുടർ നടപടികളുണ്ടായില്ല. ശനിയാഴ്ച വൈകിട്ട് 7നാണ് ഭവ്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭവ്യയ്‌ക്ക് ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും അതിയായി ദുഃഖിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. ലോക്ക് ഡൗണിൽ സ്‌കൂളിൽ പോകാൻ കഴിയാത്തതിന്റെ മാനസിക സംഘർഷവും കുട്ടിക്കുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. സ്‌കൂളിലെ കൂട്ടുകാരും അന്തരീക്ഷവുമാണ് ഭവ്യയെ മാനസിക സംഘർഷത്തിൽ നിന്ന് ഒരു വിധമെങ്കിലും രക്ഷിച്ചിരുന്നത്. ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷം ഒഴിവാക്കാനായി സ്‌കൂളുകളിൽ കൗൺസലിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഭവ്യയുടെ കാര്യത്തിൽ കൗൺസലിംഗും ഫലം കണ്ടില്ല. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലും സന്തോഷത്തോടെയാണ് ഭവ്യയെ കണ്ടിരുന്നതെങ്കിലും എന്തോ ഒന്ന് ഭവ്യയുടെ മനസിനെ അലട്ടുന്നുണ്ടായിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.