തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ സുപ്രധാന ജോലികൾ ആരോഗ്യ വകുപ്പിൽ നിന്നെടുത്ത് പൊലീസിനെ ഏല്പിച്ചത് സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ്‌രാജിലേക്കും നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധമെന്നത് ആരോഗ്യപ്രശ്നമാണ്. ക്രമസമാധാനപ്രശ്നമല്ല. ആരോഗ്യപ്രവർത്തകരെ അപമാനിക്കുകയാണ് മുഖ്യമന്ത്രി. ദിവസവും വൈകിട്ട് ടി.വി ചാനലുകളിലൂടെ ഒരു മണിക്കൂർ സാരോപദേശം നടത്തിയിട്ട് മറുവശത്ത് കൂടി കൊള്ളയടിക്കാൻ നോക്കുന്ന കാപട്യമാണ് മുഖ്യമന്ത്രിയുടേത്. ആരുടെ തലയിലാണ് വീഴ്ച കെട്ടിവയ്ക്കേണ്ടതെന്ന ഗവേഷണത്തിലാണ് മുഖ്യമന്ത്രി. ഇരട്ടവേഷം അഴിച്ചുവച്ച് ആത്മാർത്ഥമായി മുഖ്യമന്ത്രി കൊവിഡ് പ്രതിരോധത്തിനിറങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടു.