മുടപുരം: ഇന്നലെ 50 പേരെ പരിശോധിച്ചതിൽ 31 പേർക്ക് രോഗം കണ്ടെത്തുകയും രണ്ടു പേരുടെ മരണവും ഉണ്ടായ സാഹചര്യത്തിൽ അഞ്ചുതെങ്ങിൽ കൂടുതൽ പരിശോധന നടത്താൻ ബ്ലോക്ക് പഞ്ചായത്ത് അടിയന്തര യോഗം തീരുമാനിച്ചു. ഇതിനായി ഐ.എം.എയുടെ സഹായം തേടിയിട്ടുണ്ട്. പരിശോധനയ്ക്ക് ആവശ്യമായ 3000 കിറ്റ് സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശി വാങ്ങി നൽകിയിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബി.ഡി.ഒ എൽ. ലെനിൻ, കൊവിഡ് 19 താലൂക്ക് തല നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബു, ആർ.കെ. ബാബു, ജോയിന്റ് ബി.ഡി.ഒ ആർ.എസ്. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വച്ച് ഡെപ്യൂട്ടി സ്പീക്കർ വാങ്ങിയ നൽകിയ കൊവിഡ് പരിശോധനാ കിറ്റ് പ്രസിഡന്റ് ആർ. സുഭാഷ് ഡോ. രാമകൃഷ്ണ ബാബുവിന് കൈമാറി. അഞ്ചുതെങ്ങിൽ രോഗം കണ്ടെത്തിയ 31 പേരിൽ ഒരാൾ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനും മറ്റൊരാൾ പഞ്ചായത്താഫീസിലെ താത്കാലിക ജീവനക്കാരിയുമാണ്. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ ബി.വി യു.പി.സ്കൂളിൽ 50 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ല. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 38 പേരുടെ പരിശോധനയിൽ ഒരാളിനും രോഗം കണ്ടെത്തി. നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ പരിശോധന ഇന്നും തുടരും