ഗായിക അമൃത സുരേഷിന്റെ സഹോദരി എന്നതിലുപരി നല്ലൊരു പാട്ടുകാരിയായി അഭിരാമിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹോദരിമാർ ചേർന്ന് അമൃതംഗമയ എന്ന പേരിൽ ആരംഭിച്ച മ്യൂസിക് ബാൻഡ് വലിയ വിജയമായി മാറിയിരിക്കുകയാണ്. കൊവിഡ് കാലമായതിനാൽ തിരക്കുകളിൽ നിന്നെല്ലാം മാറി സന്തോഷത്തോടെ കഴിയുകയാണ് താരസഹോദരിമാർ.
വീട്ടിലെത്തിയതിന് ശേഷം നൽകിയ അഭിമുഖങ്ങളിലെല്ലാം പരസ്പരമുള്ള സ്‌നേഹത്തെ കുറിച്ച് സഹോദരിമാർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അമൃത സുരേഷിന്റെ ജന്മദിനം വലിയ ആഘോഷമാക്കിയിരുന്നു. അമൃതയ്ക്ക് ആശംസ അറിയിച്ചതിനൊപ്പം തെക്ക് വടക്ക് നടക്കുന്ന താനടക്കമുള്ളവർക്ക് ഒരു വരുമാനമുണ്ടാക്കിയതിനെ കുറിച്ചും അഭിരാമി സൂചിപ്പിച്ചിരുന്നു. ഇത് മാത്രമല്ല ഓരോ ദിവസവും രസകരമായ പോസ്റ്റുകളുമായി എത്തുകയാണ് അഭിരാമി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റും ആരാധകർ കണ്ണുംനട്ട് കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഴ പെയ്യുന്നതിന് മുൻപായി കാർമേഘം നിറഞ്ഞ് നിൽക്കുന്ന ആകാശത്തിന്റെ ചിത്രങ്ങളായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ അഭിരാമി പോസ്റ്റ് ചെയ്തത്. "ഇരുൾ തിങ്ങിയ മനസെന്ന മാനത്തെ കാർമേഘമായി മാറി നീ, ഓർമ്മകൾ മരിക്കില്ല. പ്രണയം മറക്കില്ല! ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ. മേലാകെ വയ്യ, നീയില്ലാതെയും വയ്യ." തുടങ്ങി ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അഭിരാമി കൊടുക്കുന്ന വരികളാണ് ശ്രദ്ധേയമാവുന്നത്. തന്റെ പ്രണയത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് അഭിരാമി എഴുതിയ വരികളാണിതെന്നാണ് ആരാധകർ പറയുന്നത്. അതേ സമയം അഭിരാമിയുടെ ഓരോ പോസ്റ്റുകൾക്ക് താഴെയും രസകരമായ കമന്റുകളുമായി ബിഗ് ബോസ് താരം കൂടിയായ രഘുവും എത്തിയിരുന്നു. അഭിരാമിയെ കളിയാക്കി കൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലായും രഘു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരമ്മയുടെ വയറ്റിൽ പിറക്കാത്ത സഹോദരനാണ് രഘു എന്നാണ് കഴിഞ്ഞ ദിവസമൊരു പോസ്റ്റിൽ രഘുവിനെ കുറിച്ച് അഭിരാമി സൂചിപ്പിച്ചത്.