ak-balan

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഘട്ടത്തിൽ സർക്കാർ അഴിമതി നടത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം രാഷ്‌ട്രീയ മര്യാദയുടെ എല്ലാ സീമകളെയും വെല്ലുവിളിക്കുന്നതാണെന്ന് മന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്വർണക്കടത്തിനെ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉപയോഗിക്കുന്നത് ഇതിന്റെ ഭാഗമാണ്.

ഇടതുസർക്കാർ ആറ് പ്രധാന പദ്ധതികൾക്കാണ് കൺസൾട്ടൻസികളെ വച്ചത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 16 കൺസൾട്ടൻസികളെയാണ് നിയോഗിച്ചത്. കെ-ഫോൺ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചത് 2016 ജനുവരിയിൽ യു.ഡി.എഫ് സർക്കാരാണ്. തുടർനടപടികളാണ് ഇടതുസർക്കാർ സ്വീകരിച്ചത്. സ്‌പ്രിൻക്ലർ, ഇ-ഗതാഗതം, ബെവ്ക്യു ആപ്പ് എന്നിവയിലെല്ലാമുള്ള പ്രതിപക്ഷേ നേതാവിന്റെ ആരോപണം കഴമ്പില്ലാത്തതാണ്.

ഏപ്രിൽ 30 വരെ എൽ.ഡി.എഫ് സർക്കാർ പി.എസ്.സിയിലൂടെ 1,33,132 നിയമനം നടത്തി. യു.ഡി.എഫിന്റെ കാലത്ത് ഇത് 1,23,104 ആയിരുന്നു. പഴകിപ്പുളിച്ച ആരോപണങ്ങൾ ചോദ്യരൂപത്തിൽ ആവർത്തിക്കുന്ന പ്രതിപക്ഷനേതാവ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനോട് ഒന്നും ഇതുവരെ ചോദിച്ചില്ല. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് ബി.ജെ.പിയോട് വിധേയത്വമല്ലേയെന്ന സംശയം സി.പി.എം സംസ്ഥാനസെക്രട്ടറി ഉയർത്തുന്നതെന്നും മന്ത്രി പറഞ്ഞു.