fffff

നെയ്യാറ്റിൻകര: കൊവിഡ് കാലത്ത് വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്തു തുടങ്ങിയിട്ട് പാതി വഴിയിൽ ഉപേക്ഷിച്ചവരാണ് നമ്മുടെ നാട്ടിലേറെയും. കൊവിഡിൽ പച്ചക്കറി വില കുതിച്ചുയർന്നപ്പോഴാണ് കുടുംബമൊട്ടാകെ വീട്ടുവളപ്പിൽ പച്ചക്കറി കൃഷി തുടങ്ങിയത്. മതിയായ പരിചരണം ലഭിച്ചില്ലെങ്കിൽ പച്ചക്കറികൾ നമ്മൾ കണക്കുകൂട്ടിയ മുറയ്ക്ക് വളരണമെന്നില്ല. വീടുകളുടെ മട്ടുപ്പാവിലും വീടുകളോട് ചേർന്നും കൃഷി ചെയ്ത് നല്ല വിളവെടുക്കാൻ പോന്ന ഒന്നാണ് കോവൽ. വർഷം മുഴുവൻ കായ് തരും എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ വള്ളിച്ചെടിയുടെ തണ്ടുകളാണ് നടീലിനായി ഉപയോഗിക്കുന്നത്. കൂടുതൽ എണ്ണവും വലിപ്പവുമുള്ള ചെടിയുടെ തണ്ടുകളാണ് നടുന്നതിനായി മുറിച്ചെടുക്കേണ്ടത്. കോവലിൽ വലിപ്പം കൂടിയ കായ്കൾ തരുന്ന 'സുലഭ" പ്രധാന ഇനമാണ്. കോവൽ വള്ളി പോട്ടിംഗ് മിശ്രിതം നിറച്ച കവറുകളിലോ മറ്റോ നട്ട് നേരിട്ട് വെയിലടിക്കാത്തിടത്ത് വച്ച് മുളപ്പിച്ചെടുക്കാം. ഇവ മണ്ണിൽ നേരിട്ടും നടാൻ സാധിക്കും. നട്ട് ഒരു മാസം കഴിഞ്ഞാൽ കായ്കൾ ഉണ്ടാകാൻ തുടങ്ങുമെന്നതും കോവലിന്റെ പ്രത്യേകതയാണ്.

 ഗുണമേറെ

കോവലിന് ഗുണങ്ങൾ ഏറെയാണ്. പ്രമേഹ രോഗികൾക്ക് ഏ​റ്റവും നല്ല മരുന്നായി ഇത് ഉപയോഗിക്കാം. പാൻക്രിയാസിലെ ബീ​റ്റാ കോശങ്ങളെ ഉത്തേജിപ്പിക്കുക വഴി ഇത് ഇൻസുലിനെ നിയന്ത്രിക്കുന്നു .ഇവയുടെ ഇലയും തോരൻ വയ്ക്കാൻ ഉപയോഗിക്കും. ഇത് വയ​റ്റിലുള്ള അസുഖങ്ങൾക്കും സോറിയാസിസിനും ഗുണപ്രദമാണ് .കൂടാതെ രക്തശുദ്ധിക്കും കരൾ രോഗങ്ങൾക്കും ഉത്തമമാണ്. കോവയ്ക്ക അരിഞ്ഞ് ഉണക്കി പൊടിച്ച് ദിവസവും കഴിക്കുന്നത് പ്രമേഹരോഗത്തിന് ഒരു പരിധിവരെ കടിഞ്ഞാണിടാം. കൊവയ്ക്ക നിത്യവും ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.