nia

തിരുവനന്തപുരം: നയതന്ത്രചാനൽ ദുരുപയോഗം ചെയ്ത് നടത്തിയ സ്വർണക്കടത്തുകളിൽ ഓരോഘട്ടത്തിലും ഇടപെട്ടവരെ തിരിച്ചറിയാനും തെളിവുകൾ ശേഖരിക്കാനും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംഘം യു.എ.ഇയിലേക്ക് പോവുന്നതോടെ കേസിൽ നിർണായക വഴിത്തിരിവാകും. അറസ്റ്റിലായ ഫൈസൽഫരീദിനെ ചോദ്യം ചെയ്യാനും നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും കഴിയും.

യു.എ.ഇ സന്ദർശനങ്ങളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആരൊക്കെയായി ബന്ധപ്പെട്ടു എന്നതും അന്വേഷിക്കും. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് യാത്രാനുമതി ലഭിക്കാൻ കത്തു കൊടുത്ത് കാത്തിരിക്കുകയാണ് എൻ. ഐ.എ.

കാർഗോ രേഖകൾ, വിമാനക്കമ്പനിയുടെ പക്കലുള്ള വിവരങ്ങൾ, വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ പരിശോധിക്കാൻ യു.എ.ഇയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

2019 ജൂലായ് മുതൽ കഴിഞ്ഞ ജൂൺ 30വരെ 23തവണയാണ് സ്വർണംകടത്തിയത്. ഒരു വ്യക്തി വിചാരിച്ചാൽ നയതന്ത്രപരിരക്ഷയിൽ ബാഗ് അയയ്ക്കാനാവില്ല. ആദ്യം വിദേശകാര്യമന്ത്രാലയത്തിൽ അറിയിക്കണം. മന്ത്രാലയം ബാഗ് കൊണ്ടുപോവുന്ന വിമാനക്കമ്പനിക്ക് കത്ത് നൽകണം. പൈലറ്റിനും ഇതിന്റെ പകർപ്പ് നൽകണം. യു.എ.ഇയുടെ വിമാനക്കമ്പനിയായ എമിറേറ്റ്‌സും അവരുടെ സ്കൈകാർഗോയുമാണ് നയതന്ത്രബാഗ് കൈകാര്യം ചെയ്തത്.

`ബിൽ ഒഫ് എൻട്രി' പരിശോധിച്ച് 23തവണയും ബാഗെത്തിച്ചത് ആരൊക്കെയെന്ന് കണ്ടെത്താം. കോൺസുലേറ്റിലെ രേഖയിലുള്ള ഭാരവുമായി അയച്ച ബാഗിന് ഭാരവ്യത്യാസം ഉണ്ടെങ്കിൽ നിർണായക തെളിവായി മാറും. എത്രത്തോളം സ്വർണമെത്തിച്ചെന്നും കണ്ടെത്താം.എമിറേറ്റ്സ് ഐ.ഡി, പാസ്പോർട്ട് എന്നിവ നൽകിയാലേ ബാഗ് അയയ്ക്കാനാവൂ.ഈ രേഖകൾ ശേഖരിച്ച്, സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളെ പിടികൂടാനാവും.

ബാഗ് കാർഗോയിൽ എത്തിച്ചതും നടപടിക്രമങ്ങൾ പൂ‌‌ർത്തിയാക്കിയതും ആരാണെന്നും കണ്ടെത്താൻ ദുബായ് വിമാനത്താവളത്തിലെ ദൃശ്യങ്ങൾ സഹായിക്കും.

സ്റ്റീൽ കുഴലുകൾക്കുള്ളിലും മറ്റുമായി സ്വർണം ഉരുക്കിയൊഴിച്ചതും പിടിക്കപ്പെടാത്ത വിധത്തിൽ പായ്ക്ക് ചെയ്തതും ദുബായ് കിസൈസിലെ അടഞ്ഞുകിടക്കുന്ന ഗോഡൗണിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയും തെളിവെടുക്കും.

ദുബായിലെ ദൗത്യം

 സ്കൈകാർഗോ, എമിറേറ്റ്സ് എയർലൈൻ, ദുബായ് വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരുടെ പങ്ക്

 മുഖ്യപ്രതി ഫൈസൽഫരീദിനെ നാട്ടിലെത്തിക്കുക

 പ്രതികളുടെ ദുബായിലെ ഉന്നതബന്ധങ്ങളും സ്വർണക്കടത്തിൽ പങ്കുള്ളവരെയും പണംമുടക്കിയവരെയും കണ്ടെത്തുക

 സന്ദർശനവേളകളിൽ എം.ശിവശങ്കർ യു.എ.ഇയിൽ ബന്ധപ്പെട്ടവരെ തിരിച്ചറിയുക.